‘നമ്മുടെ രാജ്യത്തിനു താങ്ങാവുന്നതിലധികം കേസുകളാണു പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്. ഇതു തടയുന്നതിനു രണ്ടുതരം പ്രതിരോധ നടപടികളാണ് ആവിഷ്‌കരിക്കേണ്ടത്. ഒന്നാമതായി ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി ഉയർത്തണം. ആശുപത്രി കിടക്കകൾ, രോഗീപരിചരണം, ഓക്സിജൻ ലഭ്യത ഇവ ഉറപ്പുവരുത്തണം. രണ്ടാമതായി, കേസുകൾ വർധിക്കുന്നതിനും വൈറസ്ബാധ പകരാൻ അവസരമുണ്ടാകുന്നതിനും കാരണമായ കണ്ണികൾ നമ്മൾ ഇല്ലാതാക്കണം.
രോഗവ്യാപന കണ്ണി ഇല്ലാതാക്കാൻ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലും ഉയർന്നുനിൽക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി അവയെ കണ്ടെയ്ൻമെന്റ് സോണുകളായും ലോക്ഡൗൺ മേഖലകളായും തരംതിരിക്കാൻ നടപടിയെടുക്കണം’– ഗുലേറിയ ദേശീയ മാധ്യമത്തോടു പറഞ്ഞു. രാജ്യത്തു ഞായറാഴ്ച 3.49 ലക്ഷം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2,767 മരണങ്ങൾ കൂടി സംഭവിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതർ 1.69 കോടി കടന്നു.
