പുതുപ്പള്ളി: പുതുപ്പള്ളിയില്‍ മതചിഹ്നങ്ങള്‍ ഉപയോഗിച്ച് ജെയ്ക്ക് സി തോമസിനായി വോട്ട് തേടിയതായി തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചു. മന്നം യുവജന വേദിയാണ് പരാതി നല്‍കിയത്. യാക്കോബായ സഭയുടെ പിന്തുണ ജയപരാജയങ്ങളെ സ്വാധീനിക്കുന്ന മണ്ഡലത്തില്‍ ഇക്കുറി അട്ടിമറി പ്രതീക്ഷിച്ചാണ് ഇടതു മുന്നണി ഇറങ്ങിയത്.
യാക്കോബായ സഭയിലെ മെത്രാപ്പോലീത്തമാരുടെ ചിത്രങ്ങളോടൊപ്പം ജയ്ക്കിന്റെ ചിത്രങ്ങള്‍ വെച്ചുകൊണ്ടുള്ള പോസ്റ്ററുകളും ജെയ്ക്കിന് വോട്ട് തേടിയുള്ള വികാരിയുടെ ശബ്ദ സന്ദേശങ്ങളും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് കാട്ടി മന്നം യുവജന വേദിയാണ് പരാതി നല്‍കിയത്. പ്രചാരണത്തിനായി മത ചിഹ്നങ്ങളെ ഉപയോഗിച്ചെന്നാണ് പരാതി.
ജെയ്ക്ക് വിജയിച്ചാല്‍ സഭാ തര്‍ക്കത്തില്‍ അനുകൂല നിയമ നിര്‍മാണം കൊണ്ടുവരുമെന്നുമായിരുന്നു മണര്‍കാട് പള്ളി സഹ വികാരിയുടെ ശബ്ദ സന്ദേശം. ജെയ്ക്ക് മണര്‍കാട് പള്ളി അംഗമാണ്. യാക്കോബായ സഭാ വിശ്വാസികള്‍ യുഡിഎഫിന് എതിരായി നിലകൊണ്ടതോടെ പല തദ്ദേശ തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന് അപ്രതീക്ഷിത നേട്ടമുണ്ടാക്കാനായിരുന്നു.
