തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന്റെ ബന്ധു അദീപിന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ എന്ന് വ്യക്തമാക്കുന്ന തെളിവ് പുറത്ത്. ന്യൂനപക്ഷ കോർപറേഷൻ നിയമന ഇളവ് ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയനും ഒപ്പിട്ടു. 2016 ഓഗസ്റ്റ് ഒൻപതിനാണ് മുഖ്യമന്ത്രി ഫയൽ കണ്ടത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കെ.ടി. അദീപിന്റെ നിയമനം. നിയമന യോഗ്യതയിൽ മാറ്റം നിര്‍ദേശിക്കുന്ന മന്ത്രി കെ.ടി. ജലീലിന്റെ കത്ത് നേരത്തേ വിവാദമായിരുന്നു.
ഈ കത്തു കൂടി പരിഗണിച്ചാണ് ലോകായുക്ത ജലീലിനെതിരെ ഉത്തരവിട്ടത്. സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരായി മന്ത്രി കെ.ടി.ജലീൽ ബന്ധു കെ.ടി.അദീബിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്നും, മന്ത്രിസ്ഥാനത്ത് തുടരാൻ ജലീൽ യോഗ്യനല്ലെന്നും ലോകായുക്ത കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
അടുത്ത ബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ ജനറൽ മാനേജരായി നിയമിക്കുന്നതിനായി ഈ തസ്തികയുടെ യോഗ്യതയിൽ മാറ്റം വരുത്തണമെന്നു നിർദേശിച്ചു പൊതുഭരണ (ന്യൂനപക്ഷ ക്ഷേമം) സെക്രട്ടറിക്കു 2016 ജൂലൈ 28ന് ജലീൽ അയച്ച കത്താണ് ഹർജിക്കാരൻ ലോകായുക്തയ്ക്കു മുന്നിൽ ഹാജരാക്കിയത്. ന്യൂനപക്ഷ കോർപറേഷനിലെ ജീവനക്കാരുടെ യോഗ്യതകൾ നിശ്ചയിച്ചു 2013 ജൂൺ 29ന് ഇറക്കിയ സർക്കാർ ഉത്തരവിലെ യോഗ്യതാ വ്യവസ്ഥയിൽ മാറ്റം വരുത്തണമെന്നാണു ജലീൽ ആവശ്യപ്പെട്ടത്.
ജനറൽ മാനേജരുടെ യോഗ്യത മാർക്കറ്റിങ്, ഫിനാൻസ് എന്നിവയിൽ സ്പെഷ്യലൈസ് ചെയ്ത എംബിഎ ബിരുദധാരി, അല്ലെങ്കിൽ 3 വർഷം പ്രവർത്തന പരിചയത്തോടെ സിഎസ്, സിഎ, ഐസിഡബ്ല്യുഎഐ എന്നായിരുന്നു. എംബിഎയുടെ സ്പെഷലൈസേഷനിൽ എച്ച്ആർ കൂടി ചേർക്കുക, 3 വർഷം പ്രവർത്തന പരിചയത്തോടെ ബിടെക്കും പിജിഡിബിഎയും എന്നതുകൂടി യോഗ്യതയായി ഉൾപ്പെടുത്തുക– ഇവയായിരുന്നു ജലീലിന്റെ നിർദേശങ്ങൾ. ബിടെക്കും പിജിഡിബിഎയുമാണ് അദീബിന്റെ യോഗ്യത.
