ന്യൂഡൽഹി: രാജ്യത്താകെ ലോക്ഡൗൺ പ്രഖ്യാപിക്കില്ലെന്നും പ്രാദേശിക നിയന്ത്രണങ്ങൾ മാത്രമേ ഉണ്ടാകുവെന്നും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നതിനിടയിലാണ് ധനമന്ത്രിയുടെ പരാമർശം. ചൊവ്വാഴ്ച ലോക ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ഡേവിഡ് മാൽപാസുമായുള്ള വെർച്വൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
യോഗത്തിൽ കോവിഡിന്റെ വ്യാപനം തടയാൻ ഇന്ത്യ സ്വീകരിക്കുന്ന നടപടികൾ ധനമന്ത്രി വ്യക്തമാക്കി. കോവിഡിന്റെ രണ്ടാം തരംഗത്തിൽ വലിയ തോതിൽ ലോക്ഡൗണുകളിലേക്കു പോകുന്നില്ലെന്നു വ്യക്തമാണ്. സമ്പദ്‌വ്യവസ്ഥയെ പൂർണമായും ‘അറസ്റ്റ്’ ചെയ്യാൻ ആഗ്രഹിക്കുന്നില്ല. രോഗികളെ വീടുകളിൽ ക്വാറന്റീനിലാക്കുന്നതു പോലുള്ള രീതികൾ തുടരും. ലോക്ഡൗൺ ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
സിവിൽ സർവീസ്, ധനകാര്യ മേഖല പരിഷ്കരണം, ജലവിഭവ മാനേജ്മെന്റ്, ആരോഗ്യം എന്നിവയിലെ സമീപകാല പരിപാടികൾ ഉൾപ്പെടെ ലോകബാങ്കും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡേവിഡ് മാൽപാസും ധനമന്ത്രിയും ചർച്ച ചെയ്തതായി ലോക ബാങ്കിന്റെ പ്രസ്താവനയിൽ പറയുന്നു. ഇന്ത്യയുടെ കോവിഡ് പോരാട്ടത്തെക്കുറിച്ചും രാജ്യത്തെ ആഭ്യന്തര വാക്സീൻ ഉൽപാദന ശേഷിയെക്കുറിച്ചും ചർച്ച ചെയ്തുവെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
