തിരുവനന്തപുരം: കെ.ടി. ജലീലിനെതിരായ ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചേക്കും. ലോകായുക്ത ഉത്തരവ് ചട്ടപ്രകാരമല്ലെന്നു വ്യക്തമാക്കി അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിനു നിയമോപദേശം നല്‍കി. ഉത്തരവിനെതിരെ സര്‍ക്കാരിനു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാമെന്നും നിയമോപദേശത്തില്‍ പറഞ്ഞു.
കെ.ടി.ജലീലിനു മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന ലോകായുക്ത ഉത്തരവ് ചട്ടങ്ങള്‍ പാലിച്ചല്ല എന്നാണ് എജിയുടെ വിലയിരുത്തല്‍. ലോകായുക്ത ആക്ടിലെ ചട്ടം ഒമ്പത് പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ജലീലിനെതിരായ ഉത്തരവെന്ന് നിയമോപദേശത്തില്‍ പറയുന്നു. പരാതി ലഭിച്ചാല്‍ അന്വേഷണത്തിന് മുമ്പ് എതിര്‍ കക്ഷിക്ക് പരാതിയുടെ പകര്‍പ്പ് നല്‍കണമെന്നാണ് ചട്ടം.
