കോട്ടയം : കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്ന സാഹചര്യത്തിൽ പോലീസ് പരിശോധനകളും ശക്തമാക്കി. ഇന്നലെ വരെ മുന്നറിയിപ്പുകളിൽ മാത്രമായി ഒതുങ്ങിയിരുന്ന പരിശോധനകൾ ഇന്നു മുതൽ പിഴ ചുമത്തുന്നത് ഉൾപ്പെടെയുള്ള കർശന നടപടികളിലേക്കു മാറും. പോലീസ് പരിശോധനകൾക്കു പുറമേ സെക്ടറൽ മജിസ്ട്രേട്ട് ഉൾപ്പെടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വിവിധ വകുപ്പുകൾക്കും പോലീസ് സേവനം ലഭ്യമാക്കും. ഓരോ സ്റ്റേഷനിൽ നിന്നും മൂന്നിലൊന്നു പോലീസുകാരെ കോവിഡ് ഡ്യൂട്ടികൾക്കു മാത്രമായി നിയോഗിക്കാനാണു നിർദേശം നൽകിയിരിക്കുന്നത്. നടപടികൾ ഇങ്ങനെ മാസ്ക്, അകലം എന്നിവ ഉറപ്പാക്കും. തിരക്കേറിയ സ്ഥലങ്ങളിൽ പിക്കറ്റ് പോസ്റ്റുകൾ സ്ഥാപിക്കും. വാഹന പരിശോധന കർശനമാക്കും. പൊതുഗതാഗത സൗകര്യങ്ങളിൽ അനുവദനീയമായതിൽ കൂടുതൽ ആളുകളെ കണ്ടെത്തിയാൽ പിഴ. വിവാഹം ഉൾപ്പെടെ പൊതുചടങ്ങുകളിൽ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്നും ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയതായും ഉറപ്പാക്കും.
രാത്രി പരിശോധനകൾ കർശനമാക്കും. രാത്രികാല കർഫ്യൂ തെറ്റിച്ച് അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ ഉടൻ നടപടി.
കലക്ടറേറ്റ് ഉൾപ്പെടെ ജില്ലയിലെ പ്രധാന സർക്കാർ ഓഫിസുകളിൽ പൊതുജനങ്ങളുടെ സന്ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. വിവിധ വകുപ്പുകളിലേക്കുള്ള അപേക്ഷകൾ നിക്ഷേപിക്കുന്നതിന് കലക്ടറേറ്റ് കവാടത്തിൽ പെട്ടികൾ വച്ചിട്ടുണ്ട്. ഈ പെട്ടികളിൽ ലഭിക്കുന്ന അപേക്ഷകൾ ശേഖരിച്ച് സമയബന്ധിതമായി അതത് ഓഫിസുകളിൽ എത്തിക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്തി. അടിയന്തര ആവശ്യങ്ങൾക്കൊഴികെ ഓഫിസുകളിൽ പ്രവേശനം അനുവദിക്കുന്നതല്ല
കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടും. ഇങ്ങനെ അടച്ചിടുന്ന കടകൾ ഏറ്റവും കുറഞ്ഞത് രണ്ടു ദിവസം കഴിഞ്ഞു മാത്രമേ തുറക്കാൻ അനുവദിക്കൂ. ലംഘനം ഗുരുതരമാണെങ്കിൽ തുറക്കാനുള്ള അനുമതി വൈകും.
വീടുകളിൽ ഉൾപ്പെടെ ട്യൂഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കാൻ പാടില്ല. ഓൺലൈൻ ക്ലാസുകൾ നടത്താം.
ആരാധനാലയങ്ങളിലും നിയന്ത്രണങ്ങൾ പാലിക്കണം.
