ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ വിവിധ സംസ്ഥാനങ്ങളില്‍ ആരോഗ്യസംവിധാനങ്ങള്‍ അവതാളത്തിലാകുന്നു. ഛത്തിസ്ഗഡിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയില്‍ മൃതശരീരങ്ങള്‍ കിടത്താന്‍ പോലും സ്ഥലം ഇല്ലാത്ത അവസ്ഥയിലാണ്. അപ്രതീക്ഷിതമായി മരണസംഖ്യ ഉയര്‍ന്നതോടെ റായ്പുരിലെ ഡോ. ഭീംറാവു അംബേഡ്ക്കര്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ മൃതശരീരങ്ങള്‍ സൂക്ഷിക്കാന്‍ ഫ്രീസറുകള്‍ ഒഴിവില്ലാതായി. വരാന്തയിലും നിലത്തും മോര്‍ച്ചറിക്കു പുറത്തു പൊരിവെയിലത്തും മൃതശരീരങ്ങള്‍ കിടത്തുന്ന അവസ്ഥയാണ് ഇപ്പോൾ ഉളളത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒഴിവുള്ളിടത്തെല്ലാം മൃതദേഹങ്ങള്‍ സൂക്ഷിക്കേണ്ട നിലയിലാണെന്ന് അധികൃതര്‍ പറയുന്നു. മോര്‍ച്ചറിയിലുള്ള മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനു മുമ്പു തന്നെ പുതിയ മൃതദേഹങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നും നിസഹായരാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ആശുപത്രിയിലെ ഐസിയു കിടക്കകള്‍ കഴിഞ്ഞയാഴ്ച തന്നെ നിറഞ്ഞിരുന്നു. പെട്ടെന്ന് ഇത്രയേറെ മരണങ്ങള്‍ ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്ന് റായ്പുര്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ മീരാ ഭാഗല്‍ പറഞ്ഞു. സാധാരണ നിലയിലുള്ള ഫ്രീസറുകള്‍ സജ്ജമായിരുന്നു. ഒന്നോ രണ്ടോ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഇരുപതു മരണങ്ങളാണു സംഭവിക്കുന്നത്. 20 പേര്‍ക്കുള്ള സൗകര്യം ഒരുക്കുമ്പോഴേക്കും മരണസംഖ്യ അറുപതായി ഉയരുകയാണ്. അത്രയും സൗകര്യങ്ങള്‍ ഒരുക്കുക പ്രായോഗികമല്ലെന്നും അവര്‍ പറഞ്ഞു.
