Hot Posts

6/recent/ticker-posts

കോവിഡിനെതിരെ ശക്തമായ പ്രതിരോധം തീർക്കും; ആരോഗ്യമന്ത്രി - BMTV




തിരുവനന്തപുരം: കോവിഡിനെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറ‍ഞ്ഞു. രാജ്യത്ത് കോവിഡ് വ്യാപനത്തിൽ വൻ വർധനയുണ്ടെന്നാണ് വിലയിരുത്തൽ. കേരളത്തിൽ പരിശോധനകൾ വർധിപ്പിച്ചു. കൂട്ടപ്പരിശോധനാ ഫലം വന്നാലും രോഗികളെ പരിചരിക്കാൻ കേരളം സജ്ജമാണ്. 50 ലക്ഷം ഡോസ് വാക്സീനുകൾ ഉടൻ സംസ്ഥാനത്തിനു വേണം. അഞ്ചര ലക്ഷം മാത്രമേ സ്റ്റോക്കുള്ളൂവെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, കോവിഡ് കൂട്ടപ്പരിശോധനയുടെ ഫലം ഇന്ന് പ്രസിദ്ധീകരിച്ചേക്കും. രോഗവ്യാപന നിരക്ക് ഉയര്‍ന്നാല്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് ആലോചന. അതിനിടെ ഇന്നലെ രണ്ട് ലക്ഷം ഡോസ് കൂടിയെത്തിയതോടെ വാക്സീന്‍ ക്ഷാമത്തിനു താല്‍കാലിക പരിഹാരമായി. രണ്ടാം തരംഗത്തെ പ്രതിരോധിക്കാന്‍ കേരളം പരീക്ഷിക്കുന്ന ആദ്യ ആയുധങ്ങളാണ് കൂട്ടപ്പരിശോധനയും കൂട്ടവാക്സിനേഷനും. ഇവ രണ്ടും ഇതുവരെ കാര്യക്ഷമമായി പുരോഗമിക്കുന്നുണ്ട്. ഇന്നലെയും ഇന്നുമായി രണ്ട് ലക്ഷം പരിശോധനയെന്നതാണു ലക്ഷ്യം. അതുവഴി രോഗമുള്ളവരെ വേഗത്തില്‍ കണ്ടെത്തി ക്വാറന്റീനിലാക്കി വ്യാപനം തടയുകയാണ് ഉദേശിക്കുന്നത്. ഇന്നലെ 1,33,836 പേരെ പരിശോധിച്ചു. ഇന്നും ഇതേ നിലതുടര്‍ന്നാല്‍ കൂട്ടപ്പരിശോധന വിജയകരമാവും. ഇന്നു വൈകിട്ടുള്ള കോവിഡ് കണക്കില്‍ ആദ്യ ദിവസത്തെ കൂട്ടപ്പരിശോധനയുടെ ഫലം ഉള്‍പ്പെടുത്തിയേക്കും. പരിശോധന കൂടിയതുകൊണ്ട് സ്വാഭാവികമായും പ്രതിദിന രോഗബാധ വലിയ തോതില്‍ ഉയര്‍ന്നേക്കും.
അതില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള ജില്ലകളില്‍ പ്രാദേശിക നിരോധനാഞ്ജയടക്കം നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് ആലോചന. അതിനിടെ, ഇന്നലെ രണ്ട് ലക്ഷം വാക്സീന്‍ കൂടിയെത്തിയതോടെ ഭൂരിഭാഗം ജില്ലകളിലും വാക്സിനേഷന്‍ നടപടികള്‍ വേഗത്തിലായി. തിരുവനന്തപുരത്തെ ക്യാംപുകളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. വാക്സീന്‍ ക്ഷാമമുണ്ടാകുമെന്ന ആശങ്കയോടെ ഒട്ടേറെപ്പേര്‍ കൂട്ടത്തോടെയെത്തിയതിനാല്‍ നീണ്ട നിരയും രൂപപ്പെട്ടു. അമ്പത് ലക്ഷം ഡോസ് ആവശ്യപ്പെട്ടിടത്താണ് രണ്ട് ലക്ഷം ഡോസ് ലഭിച്ചത്. എങ്കിലും വരും ദിവസങ്ങളിലും കൂടുതല്‍ വാക്സീന്‍ ലഭിക്കുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ.

Reactions