Hot Posts

6/recent/ticker-posts

നിലവിലില്ലാത്ത രാഷ്ട്രീയ പാര്‍ട്ടി പിളര്‍ന്നതെങ്ങനെയെന്ന് കാപ്പന്‍ വിഭാഗം

 


കോട്ടയം: എൻ സി കെ എന്ന പാർട്ടി നിലവിലില്ലെന്ന് മാണി സി കാപ്പൻ വിഭാ​ഗം.. നിലവിലില്ലാത്ത രാഷ്ട്രീയ പാർട്ടി പിളർന്നതും രാജിവച്ചതും എങ്ങനെയെന്ന് മാണി സി കാപ്പനൊപ്പം എൻ സി പി യിൽനിന്നും പിളർന്ന വിഭാഗത്തിന് നേതൃത്വം നൽകുന്ന കടകംപള്ളി സുകു പറഞ്ഞു.  മാണി സി.കാപ്പന്റെ നേതൃത്വത്തിൽ രൂപീകരിച്ച നാഷനലിസ്റ്റ് കോൺഗ്രസ് കേരള (എൻസികെ) എന്ന പാർട്ടി പിളർന്നതായി മുൻപ് വാർത്തകൾ വന്നിരുന്നു. ഇതേതുടർന്നാണ് പ്രതികരണവുമായി മാണി സി കാപ്പൻ വിഭാ​ഗം മുതിർന്ന നേതാവ് രം​ഗത്തെത്തിയത്. 


പുതിയ പാർട്ടിയുടെ രജിസ്ട്രേഷനു വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചപ്പോൾ തന്നെ എൻ സി കെ എന്ന പേരിൽ രജിസ്ട്രേഷൻ ലഭ്യമല്ലെന്ന് അറിയിച്ചിരുന്നു. മറ്റു പേരുകൾ നിർദ്ദേശിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങൾ മുൻപ് കോട്ടയത്ത് നടന്ന മീറ്റ്‌ ദ പ്രസ് പ്രോഗ്രാമിൽ മാണി സി കാപ്പൻ തന്നെ വ്യക്തമാക്കിയിരുന്നതായും കടകംപള്ളി സുകു പറഞ്ഞു. 


എൻ സി കെ എന്ന പേര് ലഭ്യമല്ലാത്തതിനാൽ സംസ്ഥാന - ജില്ലാ കമ്മിറ്റികൾ നേരത്തെ പിരിച്ചു വിട്ടിരുന്നു. സംസ്ഥാനതലത്തിൽ കടകംപള്ളി സുകു കൺവീനറായി പാർട്ടിയുടെ രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുകയാണ്. ജില്ലാതലത്തിലും കൺവീനർമാരെ നിയോഗിച്ചിട്ടുണ്ട്. നിലവിൽ ഇല്ലാത്ത പാർട്ടിയുടെയും സ്ഥാനങ്ങളുടെയും പേരിൽ എങ്ങനെയാണ് രാജിവയ്ക്കുന്നതെന്നും കടകംപള്ളി സുകു ചോദിക്കുന്നു.


 മാണി സി.കാപ്പന്റെ നേതൃത്വത്തിൽ രൂപീകരിച്ച നാഷനലിസ്റ്റ് കോൺഗ്രസ് കേരള എന്ന പാർട്ടി പിളർന്നതായും സംസ്ഥാന വർക്കിങ് പ്രസിഡന്റും വൈസ് പ്രസിഡന്റും അടക്കമുള്ളവർ പാർട്ടി വിട്ടതായും അറിയിച്ച് ചില നേതാക്കൾ രം​ഗത്തെത്തിയിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ മാണി സി കാപ്പൻറെ രാഷ്ട്രീയ നിലപാടുകളോടുള്ള വിയോജിപ്പാണ് പാർട്ടി വിടാനുള്ള തീരുമാനത്തിന് പിന്നിലെന്നും ഇവർ പറഞ്ഞു.  


തിരഞ്ഞെടുപ്പിനു മുന്നോടിയായി എൻസിപിയുമായി വിയോജിച്ച് കാപ്പനൊപ്പം ചേർന്ന പ്രധാന നേതാക്കളാണ് പാർട്ടി വിട്ടത്. ബാബു കാർത്തികേയൻ, പി.ഗോപിനാഥ്, എ.കെ.ജി. ദേവദാസ്, കൊച്ചു ദേവസി തുടങ്ങിയവരാണ് പാർട്ടി വിടുന്നതായി അറിയിച്ച് രം​ഗത്തെത്തിയിരുന്നത്. തിരഞ്ഞെടുപ്പിനു ശേഷം മാണി സി.കാപ്പൻ മുംബൈയിലെത്തി എൻസിപി നേതാക്കളെ കണ്ടതും യുഡിഎഫിനെതിരെ പ്രസ്താവന ഇറക്കിയതുമെല്ലാം പാർട്ടിയുമായി ആലോചിക്കാതെയാണെന്നാണ് ആക്ഷേപം. എന്നാൽ എൻസികെ ബന്ധം ഉപേക്ഷിച്ചതോടെ ഇനി ഏതു പാർട്ടിയിൽ ചേരുമെന്ന് കൂട്ടായി തീരുമാനമെടുക്കുമെന്നും നേതാക്കൾ പറഞ്ഞു.

Reactions