പാലാ: തനിക്ക് മാർഗ്ഗദീപമായിരുന്ന പ്രിയപ്പെട്ട മാണിസാറിന്റ കല്ലറയിൽ ചെന്നു പ്രാർത്ഥിക്കുമ്പോൾ മനസ്സിലൂടെ ദീപ്തമായ ഓർമ്മകൾ കടന്നുപോയെന്നും തന്നോട് എന്നും വാത്സ്യല്യത്തോടെ മാത്രമാണ് മാണിസാർ പെരുമാറിയിട്ടുള്ളതെന്നും ഡോ.എൻ.ജയ് രാജ് പറഞ്ഞു. കേരള ഗവൺമെന്റ് ചീഫ് വിപ്പായി ഔദ്യോഗികമായി ചൂമതലയേറ്റശേഷം ആദ്യമായി പാലായില്‍ എത്തിയതായിരുന്നു അദ്ദേഹം.
വിഷമഘട്ടത്തിലും മാണിസാർ ഒപ്പമുണ്ടായിരുന്നു. അതൊക്കെ ഒരിക്കലും മറക്കാൻ സാധിക്കില്ല. തന്നെ ജില്ലാ പഞ്ചായത്തിലേക്കും നിയമസഭയിലേക്കും എത്തിച്ചത് മാണി സാറായിരുന്നു എന്ന് എന്‍ ജയ്രാജ് അനുസ്മരിച്ചു. പുതിയ കർമ്മപഥത്തിൽ യാത്ര തുടരേണ്ടതുണ്ട്. അദ്ദേഹത്തിന്റെ അദൃശ്യമായ സ്‌നേഹസാന്നിധ്യം അനുഭവപ്പെടുന്ന ഇടത്തു നിന്നും മടങ്ങുമ്പോൾ മനസ്സു ശാന്തമായിരുന്നു. എന്നും ജയ് രാജ് പറഞ്ഞു.
ജീവിതത്തിൽ സംഭവിച്ചതൊക്കെ മുൻകൂട്ടി തീരുമാനിച്ചുറച്ചതുപൊലെ ഒന്നുമല്ല. ഇപ്പോൾ സംഭവിക്കുന്നതും നാളെ സംഭവിക്കാനിരിക്കുന്നതും നമ്മുടെ നിയന്ത്രണത്തിലല്ലല്ലോ എന്ന് ജയ് രാജ് പറഞ്ഞു.
കഴിയുന്നതും ജനങ്ങൾക്കു അഹിതമായി ഒന്നും പ്രവർത്തിക്കരുത് എന്നാണ് എന്റെ അച്ഛൻ എന്നെ പഠിപ്പിച്ചിരിക്കുന്നത്. ഇതുവരെയുള്ള പൊതുജീവിതം അങ്ങനെയായിരുന്നു. ഇനിയുള്ള കാലവും അങ്ങനെ തന്നെ പോകണമെന്നു കരുതുന്നതായും ചീഫ് വിപ്പ് ജയ് രാജ് കെ.എം.മാണിയുടെ കല്ലറയിൽ പുഷ്പചക്രം അർപ്പിച്ച ശേഷം പാലായിൽ പറഞ്ഞു.
ചീഫ് വിപ്പായി ചുമതലയേറ്റശേഷം ആദ്യമായി പാലായിൽ എത്തിയ ഡോ.എൻ.ജയ് രാജിന് പാലായിൽ സ്വീകരണം നൽകി. ഫിലിപ്പ് കുഴികുളം, ആൻ്റോ പടിഞ്ഞാറേക്കര ,ബിജു പാലൂപവൻ, ജയ്സൺ മാന്തോട്ടം എന്നിവർ ചേര്‍ന്ന് സ്വീകരിച്ചു.

