കണ്ണൂർ; ഒരു വയസ്സുള്ള പെൺകുഞ്ഞിനെ വടി കൊണ്ട് അടിച്ചു ഗുരുതരമായി പരുക്കേൽപിച്ച കേസിൽ അമ്മയെയും സുഹൃത്തിനെയും കേളകം പൊലീസ് അറസ്റ്റ് ചെയ്തു. കേളകം പെരുന്താനം സ്വദേശി വെട്ടിയത്ത് വീട്ടിൽ രമ്യ (26), സുഹൃത്ത് കൊട്ടിയൂർ പാലുകാച്ചി സ്വദേശി പുത്തൻപുരയ്ക്കൽ പി.എസ്.രതീഷ് (38) എന്നിവരാണ് അറസ്റ്റിലായത്. കുട്ടി പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടർമാർ അറിയിച്ചു. കുഞ്ഞിന്റെ മുഖത്തും ശരീരത്തിന്റെ പല ഭാഗങ്ങളിലും പരുക്കുണ്ട്. ഇടതു കൈയുടെ തോളെല്ലിനും പരുക്കേറ്റിട്ടുണ്ട്. മുഖത്തു നീരുവച്ചിട്ടുണ്ട്. ചുണ്ടിനും പരുക്കേറ്റിട്ടുണ്ട്. കുഞ്ഞ് രണ്ടാഴ്ചയ്ക്കിടെ പലവട്ടം മർദനത്തിന് ഇരയായതായി പൊലീസ് പറഞ്ഞു.
രതീഷും രമ്യയും 20 ദിവസമായി കണിച്ചാർ പഞ്ചായത്തിലെ ചെങ്ങോത്തുള്ള വാടക വീട്ടിലാണു കുട്ടിയുമായി താമസിക്കുന്നത്. രതീഷ് സ്ഥലത്തില്ലാത്ത സമയത്ത്, മകൾ തന്നെ ഫോൺ വിളിച്ച് കുട്ടിയെ മർദിക്കുന്ന കാര്യം പറഞ്ഞതായി കുട്ടിയുടെ അമ്മൂമ്മ സുലോചന പറഞ്ഞു. സുലോചന എത്തിയാണ് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
രമ്യയുടെ ആദ്യ വിവാഹത്തിലെ 3 കുട്ടികളിലെ ഏറ്റവും ഇളയകുട്ടിക്കാണു മർദനമേറ്റത്. മറ്റു രണ്ടു കുട്ടികൾ ആറളത്ത്, പിതാവിനൊപ്പമാണ്. രമ്യയും അമ്മയും മർദനമേറ്റ കുട്ടിയും 20 ദിവസം മുൻപു വരെ പെരുന്താനത്തെ വാടക വീട്ടിലായിരുന്നു. രതീഷ് വിവാഹിതനും 2 കുട്ടികളുടെ അച്ഛനുമാണ്. രതീഷും രമ്യയും പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ച ശേഷം വാടക വീട്ടിലേക്ക് മാറിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. നിസ്സാര കാര്യങ്ങൾ പറഞ്ഞ് രതീഷ്, കുട്ടിയെ ക്രൂരമായി മർദിച്ചതായും രമ്യ കൂട്ടുനിന്നതായും പോലീസ്പറഞ്ഞു. ബാലനീതി നിയമപ്രകാരമാണു കേസെടുത്തിരിക്കുന്നത്. റിപ്പോർട്ട് നൽകാൻ മനുഷ്യാവകാശ കമ്മിഷൻ റൂറൽ ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു.
