കൊല്ലം: ബൈക്കിൽ വന്ന യുവാവിനെ തടഞ്ഞു നിർത്തി കുത്തിക്കൊലപ്പെടുത്തി. ശക്തികുളങ്ങര മരുത്തടി ഓംചേരി കിഴക്കതിൽ വിഷ്ണു (കുക്കു–29) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ടു കാവനാട് മാർക്കറ്റിൽ ഇറച്ചി വ്യാപാരം നടത്തുന്ന തമിഴ്നാട് മധുര സ്വദേശി പ്രകാശ് (42), മകൻ രാജപാണ്ഡ്യൻ (19) എന്നിവരെ എസിപി ടി.ബി. വിജയന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.
പൊലീസ് പറയുന്നത്: ഇന്നലെ ഉച്ചയ്ക്ക്12.45നു കാവനാട് ജവാൻ മുക്കിനു സമീപം ആയിരുന്നു സംഭവം. രാവിലെ ഒൻപതരയോടെ വിഷ്ണു ബൈക്കിൽ വരുമ്പോൾ, പള്ളിക്കാവ് കരുമ്പോലി കുളത്തിനു സമീപം റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ശ്രമിച്ചപ്പോൾ എതിർദിശയിൽ വന്ന പ്രകാശിന്റെ ബൈക്കിൽ തട്ടാൻ ശ്രമിച്ചെന്നു പറഞ്ഞ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രകോപിതനായ പ്രകാശ് സമീപത്തെ കടയിൽ നിന്നു സോഡാക്കുപ്പിയെടുത്തു പൊട്ടിച്ചു കുത്താൻ ശ്രമിച്ചു. നാട്ടുകാർ കൂടിയതോടെ ഇരുവരും പിരിഞ്ഞു.
പ്രകാശൻ വീട്ടിലെത്തി കത്തിയെടുത്തു മകനെയും കൂട്ടി ബൈക്കിൽ വിഷ്ണുവിനെ തിരക്കി ഇറങ്ങി. ജവാൻ മുക്കിനു സമീപം വിഷ്ണുവിന്റെ ബൈക്ക് തടഞ്ഞു നിർത്തിയശേഷം കുത്തിവീഴ്ത്തുകയായിരുന്നു. ശക്തികുളങ്ങര പൊലീസ് എത്തി ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ഓട്ടോറിക്ഷ തൊഴിലാളിയാണ് വിഷ്ണു. സംസ്കാരം ഇന്ന്.
ഒളിവിൽപോയ പ്രതികളെ മണിക്കൂറുകൾക്കകം കാവനാട് കുരീപ്പുഴ കടവിൽ നിന്നു പിടികൂടി. പ്രകാശും കുടുംബവും 20 വർഷമായി കൊല്ലത്തു വാടകയ്ക്കു താമസിക്കുകയാണ്. വിഷ്ണുവിന്റെ സംസ്കാരം ഇന്നു നടക്കും. ഭാര്യ: അശ്വതി. മകൻ: ആദിത്യൻ.
