Hot Posts

6/recent/ticker-posts

ലോകരക്തദായക ദിനത്തിൽ ഷിബു തെക്കേമറ്റത്തിൻ്റെ 110- മത് രക്തദാനം

 

പാലാ:   ജീവകാരുണ്യരംഗത്ത് മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിട്ട ജീവരക്തത്തിന്റെ കാവല്‍ക്കാരനായ  ഷിബു തെക്കേമറ്റത്തിൻ്റെ പ്രവർത്തനം ലോകത്തിന് മാതൃകയാണെന്ന് തോമസ് ചാഴികാടൻ എം പി അഭിപ്രായപ്പെട്ടു. ലോകരക്തദായക ദിനാചരണം ഉദ്ഘാടനം ചെയ്തും ഇന്ന് നൂറ്റിപത്താമത് രക്തദാനം നടത്തിയ ഷിബു തെക്കേമറ്റത്തിനെ ആദരിച്ചുകൊണ്ടും  സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മനുഷ്യജീവന് അത്യന്താപേഷിതമായ രക്തം സഹജീവികള്‍ക്ക് സസന്തോഷം ദാനം ചെയ്തും ആവശ്യക്കാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും എത്തിച്ചുനല്‍കിയുമാണ് ഷിബു തെക്കേമറ്റം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നതെന്നും അപകടങ്ങളില്‍പെട്ടും മാരകമായ അസുഖങ്ങള്‍ ബാധിച്ചും മറ്റും ചികിത്സയില്‍ കഴിയുന്നവർക്ക്  ജീവന്‍ നിലനിര്‍ത്തുന്നതിന് രക്തത്തിനായി നെട്ടോട്ടമോടുന്നവർക്ക് ഒരാശ്വാസമാണ് ഷിബു തെക്കേമറ്റമെന്നും അദ്ദേഹം പറഞ്ഞു.. 

പാലാ മരിയൻ മെഡിക്കൽ സെൻ്ററിൽ ജില്ലാ ആരോഗ്യ വകുപ്പിൻ്റെയും പാലാ ബ്ലഡ് ഫോറത്തിൻ്റെയും നേതൃത്വത്തിൽ നടന്ന ദിനാചരണത്തിൽ മുൻസിപ്പൽ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ മുഖ്യപ്രഭാഷണവും പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷീബു തെക്കേമറ്റം രക്തദാന സന്ദേശവും നടത്തി. നഗരസഭാ ആര്യോഗ്യ സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലം പറമ്പിൽ , മരിയൻ ആശുപത്രി അഡ്മിനിസ്ട്രേക്ടർ സിസ്റ്റർ ഷേർളി എഫ് സി സി , സുപ്രണ്ട് ഡോ.മാത്യു , പാലാ ബ്ലഡ് ഫോറം ഡയറക്ടർ ബോർഡ് അംഗങ്ങളായ പ്രഫ.പി.ഡി. ജോർജ്, സുനിൽ തോമസ്, സജി വട്ടക്കാനാൽ, കെ.ആർ സൂരജ്, ജയ്സൺ പ്ലാക്കണ്ണി, ഷാജി തകടിയേൽ, എസ് എൻ ഡി പി മീനച്ചിൽ ശാഖാ കൺവീനർ സാബു മുകളേൽ, സിസ്റ്റർ അഗ്നസ് എഫ് സി സി, സിസ്റ്റർ ജിൻസി എഫ് സി സി, സിസ്റ്റർ ബൻസിറ്റാ എഫ് സി സി, മേരിക്കുട്ടി തോമസ് എന്നിവർ പ്രസംഗിച്ചു.



മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിട്ട് ജീവരക്തത്തിന്റെ കാവല്‍ക്കാരനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ 
ഷിബു തെക്കേമറ്റം

പരേതനായ റ്റി. റ്റി തോമസിന്റയും തെയ്യാമ്മയുടേയും മകനായി പാലായ്ക്കടുത്തുള്ള നാട്ടിന്‍ പുറമായ കൊഴുവനാല്‍ തെക്കേമറ്റം കുടുംബത്തിലാണ് ഷിബു തെക്കെ മറ്റത്തിൻ്റെ ജനനം. വിളക്കുമാടം സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ലാബ് അസിസ്റ്റന്റായി സേവനം അനുഷ്ഠിക്കുന്നു. സമര്‍ത്ഥനായ സംഘാടകനും സാമൂഹിക പ്രവര്‍ത്തകനുമാണ് ഷിബു തെക്കേമറ്റം. ഭാര്യ റെനി ഒരു ലാബ് ടെക്നീഷ്യ കൂടിയാണ്. മകന്‍ എമില്‍ ടോം ഷിബു കിസ്‌കോ കരിയര്‍ ഹൈറ്റ്‌സിലെ എസ്.എസ്.സി കോച്ചിംഗ് വിദ്യാര്‍ത്ഥിയാണ്. മകള്‍ എലേന സൂസന്‍ ഷിബു കൊഴുവനാല്‍ സെന്റ് ജോണ്‍ നെപുംസ്യാന്‍സ് ഹൈസ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. 

ഐഎംഎയുടെ അപ്രീസിയേഷന്‍ അവാര്‍ഡ്, ലയണ്‍സ് ക്ലബിന്റെ ഔട്ട് സ്റ്റാന്റിംഗ് പെര്‍ഫോര്‍മന്‍സ് അവാര്‍ഡ്, ജേസിസിന്റെ ഗ്രേറ്റ് ഹാര്‍ട്ട് അവാര്‍ഡ് തുടങ്ങി നിരവധി സംഘടനകളുടേയും സ്ഥാപനങ്ങളുടേയും പുരസ്‌കാരങ്ങള്‍ ഷിബുവിന് ലഭിച്ചിട്ടുണ്ട്. രാജീവ് ഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റേറിയന്‍ സ്റ്റഡീസിന്റെ മികച്ച സാമൂഹിക പ്രവകര്‍ത്തകനുള്ള രാജീവ് ഗാന്ധി പുരസ്‌കാരവും ലയണ്‍സ് ക്ലബ് ഇന്റര്‍ നാഷണലിന്റെ സര്‍വ്വീസ് എക്സലന്റ്സ് അവാര്‍ഡും ലഭിച്ച ഷിബുവിന് സംസ്ഥാന ആരോഗ്യവകുപ്പും സംസ്ഥാന ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സിലും സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയും സംയുക്തമായി നല്‍കുന്ന കേരളത്തിലെ മികച്ച രക്തദാതാവിനുള്ള 2016 ലെയും 2018 ലെയും അവാര്‍ഡും ലഭിച്ചിച്ചിട്ടുണ്ട്.

ജില്ലാ സന്നദ്ധ രക്തദാനസമിതിയുടേയും പാലാ  ബ്ലഡ്ഫോറത്തിന്റയും ജനറല്‍ കണ്‍വീനര്‍, ലയണ്‍സ് ക്ലബ് ഇന്റര്‍ നാഷണലിന്റെ ബ്ലഡ് ബാങ്ക് ക്യാമ്പ് കോ. ഓര്‍ഡിനേറ്റര്‍, അഡ്വ. റ്റി വി. എബ്രാഹാം ഫൗണ്ടേഷന്റെ സെക്രട്ടറി, നെഹ്റു പീസ് ഫൗണ്ടേഷന്റെ ജില്ലാ ചെയര്‍മാന്‍ തുടങ്ങി നിരവധി സംഘടനകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. ജനമൈത്രി പോലീസിന്റെ ജനസമിതി അംഗവുമാണ് ഷിബു തെക്കേമറ്റം.

രക്തദാനം ജീവദാനമെന്ന് വിശ്വസിക്കുകയും ആ മഹാദാനത്തിന്റെ മഹത്വം സ്വന്തം ജീവിതത്തിലൂടെ അന്യര്‍ക്ക് അനുഭവവേദ്യമാക്കുകയും ചെയ്യുന്ന ഷിബു രക്തദാനരംഗത്തെന്നപോലെ തന്നെ മറ്റു സാമൂഹിക പ്രവര്‍ത്തനമേഖലകളിലും സജീവ സാന്നിദ്ധ്യമാണ്.

ഷിബുവിന്റെ അധ്യാപികയായിരുന്ന സിസ്റ്ററിന് ജീവരക്തം നല്‍കിയതോടെ അവര്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തി. ഏറെ സന്തോഷം നിറഞ്ഞനിമിഷങ്ങളായിരുന്നു അത്. തന്റെ ജീവരക്തം സ്വീകരിച്ചവര്‍ ചുറുചുറുക്കോടെ ഓടി നടക്കുന്നത് കാണുന്നതാണ് രക്തദാനത്തിന് തന്നെ പിന്നെയും പിന്നെയും പ്രേരിപ്പിക്കുന്ന കാരണമെന്ന് ഷിബു പല വേദിയിലും പറഞ്ഞിട്ടുണ്ട്. അതോടെ രക്തദാനം എന്ന മഹാ ആശയം മനസില്‍ ശക്തമായി. കൊഴുവനാലുള്ള സുഹൃത്തുക്കളും പരിചയക്കരുമായി ആശയം പങ്കുവെച്ചു. എല്ലാവരും പിന്തുണച്ചതോടെ കൊഴുവനാല്‍ രക്തദാന സേന രൂപം കൊണ്ടു. കെ.എം. ജോര്‍ജ് സ്മാരക ആര്‍ട്‌സ് ക്ലബാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. സേനയെക്കുറിച്ച് കേട്ടറിഞ്ഞ് ആവശ്യക്കാര്‍ നിരവധിയാണ് എത്തിയത്. പിന്നീടങ്ങോട്ട് നിലക്കാത്ത ഫോണ്‍വിളികളുടെയും വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളുടെയും നാളുകളായിരുന്നു. സേനയുടെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടരായി വിദ്യാര്‍ത്ഥികളും അധ്യാപകരും സംഘടനകളും കര്‍ഷകരും വ്യാപാരികളും ഡ്രൈവര്‍മാരുമെല്ലാം അംഗങ്ങളായി. ക്രമേണ ജനങ്ങളില്‍ രക്തദാനത്തെക്കുറിച്ച് അന്നുവരെ മനസിലുണ്ടായിരുന്ന തെറ്റിദ്ധാരണങ്ങള്‍ നീങ്ങിത്തുടങ്ങി. സേനയുടെ നേതൃത്വത്തിലുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഇതിന് സഹായമായി. ഇതിന് ഫലം കണ്ടുതുടങ്ങിയതോടെ വീട്ടമ്മമാര്‍ ഉള്‍പ്പെടെ രക്തദാനം രംഗത്തേക്ക് എത്തിത്തുടങ്ങി. ആവശ്യക്കാര്‍ക്ക് ഒരു ഫോണ്‍ കോളിന്റെ ചിലവില്‍ വേണ്ട ഗ്രൂപ്പിലുള്ള രക്തം ലഭ്യമാക്കി നല്‍കുന്ന തരത്തില്‍ സേനയുടെ പ്രവര്‍ത്തനം വിപുലകരിക്കാന്‍ ഷിബുവിന്റെ നേതൃത്വത്തിനായി. 

ഇത്തരത്തിലുള്ള പ്രവർത്തനങ്ങളാണ് ഇന്ന് പാലാ ബ്ലഡ് ഫോറം എന്ന പേരില്‍ വിപുലീകരിച്ചത്. കോട്ടയം ജില്ലയിലെ 32 ഓളം സന്നദ്ധ സംഘടനകളുടെ പിന്തുണ പാലാ ബ്ലഡ് ഫോറത്തിനുണ്ട്. നിലവിലുള്ള രക്തശ്രോതസുകളെ ഏകോപിപ്പിച്ച് പോലീസ് വകുപ്പിന്റെ നേതൃത്വത്തില്‍ രക്തദാതാക്കളുടെ കരുത്തറ്റ ശൃഖല സാധ്യമാക്കിയിട്ടുണ്ട്. 24 മണിക്കൂറും  സേവനം ലഭ്യമാക്കുന്ന തരത്തിലാണ് ഈ ഫോറത്തിൻ്റെ സംവിധാനം. പോലീസ് വകുപ്പ്,  ജില്ലാ ആരോഗ്യവകുപ്പ്, കിഴതടിയൂര്‍ സഹകരണ ബാങ്ക്, കേരളാ സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി, വിവിധ രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക, മത സംഘടകള്‍, വിദ്യാഭ്യാസ സംഘടനകള്‍, സ്ഥാപനങ്ങള്‍, വ്യാപാരികള്‍ എന്നിവരുമായെല്ലാം ബന്ധപ്പെട്ടും ഏകോപിപ്പിച്ചുമാണ് ജില്ലയിലെ മികച്ച രക്തദാന സംഘടനയായി തെരഞ്ഞെടുക്കപ്പെട്ട പാലാ ബ്ലഡ് ഫോറത്തിന്റെ പ്രവര്‍ത്തനം.രക്തദാന രംഗത്തെ മികച്ച പ്രവർത്തനത്തിനുള്ള 2018 ലെ സംസ്ഥാന അവാർഡും പാലാ ബ്ലഡ് ഫോറത്തിന് ലഭിക്കുകയുണ്ടായി.

കഴിഞ്ഞ ഒന്നര വർഷമായി രക്തദാതാക്കളെ ലഭിക്കുവാൻ ഏറ്റവും ബുദ്ധിമുട്ട് അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഈ കാലഘട്ടങ്ങളിലും രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചും രക്തദാതാക്കളെ സ്വന്തം വാഹനത്തിൽ വിവിധ ബ്ലഡ് ബാങ്കുകളിൽ എത്തിച്ചു കൊണ്ടുമുള്ള പ്രവർത്തതനവും ഷിബു തെക്കേമറ്റത്തിൻ്റെ നേതൃത്വത്തിൽ പാലാ ബ്ലഡ് ഫോറം ചെയ്തു വരുന്നു.

Reactions