ബെംഗളൂരു∙ തെന്നിന്ത്യൻ സിനിമാതാരം ജയന്തി(76) അന്തരിച്ചു. ബെംഗളുരുവിലെ വീട്ടിൽ ഇന്നു പുലർച്ചെയാണ് അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി അഞ്ചൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
1960 മുതൽ 1980 വരെയുള്ള കാലഘട്ടത്തിൽ കന്നഡ സിനിമാലോകത്തെ പ്രധാന നായികമാരിൽ ഒരാളിയിരുന്നു ജയന്തി. 1945ൽ കർണാടകയിലെ ബെല്ലാരിയിൽ ജനിച്ച ജയന്തി 1963ൽ പുറത്തിറങ്ങിയ വൈ.ആർ. സ്വാമിയുടെ ‘ജീനു ഗൂഡു’ എന്ന കന്നഡ ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. തെന്നിന്ത്യയിലെ പ്രധാന സൂപ്പർസ്റ്റാറുകളായ എൻ.ടി രാമറാവു, എം.ജി രാമചന്ദ്രന്‍, രാജ് കുമാർ, രജനീകാന്ത് തുടങ്ങിയവർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.
പാലാട്ട് കോമൻ, കാട്ടുപ്പൂക്കൾ, കളിയോടം, ലക്ഷപ്രഭു, കറുത്ത പൗർണമി, വിലക്കപ്പെട്ട കനി എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചു. 7 തവണ മികച്ച നടിക്കുള്ള കർണാടക സർക്കാരിന്റെ പുരസ്കാരവും രണ്ട് തവണ ഫിലിം ഫെയർ പുരസ്കാരവും നേടിയിട്ടുണ്ട്.


