കോതമംഗലം: ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ കോതമംഗലത്ത് വെടിവെച്ച് കൊന്നു. കണ്ണൂർ സ്വദേശിയായ മാനസയാണ് കൊല്ലപ്പെട്ടത്. 24 വയസായിരുന്നു മാനസയ്ക്ക്. ഇവരുടെ സുഹൃത്ത് രാഖിലാണ് വെടിയുതിർത്തത്. രാഖിലും കണ്ണൂർ സ്വദേശിയാണ്. മാനസയെ കൊലപ്പെടുത്തിയ ശേഷം ഇയാളും സ്വയം വെടിവെച്ച് മരിച്ചു.
നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിന് സമീപത്താണ് സംഭവം നടന്നത്. കൊല്ലപ്പെട്ട മാനസ ഹൗസ് സർജനായിരുന്നു. കണ്ണൂരിലെ നാറാത്താണ് ഇവരുടെ വീട്. നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളേജിലെ വിദ്യാർത്ഥിയാണ് മാനസ. ഇവർ താമസിച്ചിരുന്ന സ്ഥലത്തെത്തിയാണ് യുവാവ് വെടിവെച്ചത്. മൃതദേഹങ്ങൾ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

