Hot Posts

6/recent/ticker-posts

ജിഎസ്ടി നഷ്ടപരിഹാരം; കേരളത്തിന് 4122 കോടി ലഭിക്കും!



ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ജിഎസ്ടി നഷ്ടപരിഹാരമായി 75,000 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചു. 4122 കോടി രൂപയാണ് ഈ ഇനത്തിൽ കേരളത്തിന് ലഭ്യമാകുക. കോവിഡ് പ്രതിസന്ധിയിൽ വലയുന്ന സംസ്ഥാനങ്ങൾക്ക് ആശ്വാസമാകുന്നതാണ് കേന്ദ്രത്തിന്റെ ഈ നടപടി. 

സംസ്ഥാനങ്ങൾക്ക് സാധാരണയായി അനുവദിക്കുന്ന ജിഎസ്ടി നഷ്ടപരിഹാരത്തിന് പുറമേയാണിത്. രണ്ടു മാസം കൂടുമ്പോഴാണ് സാധാരണയായി ജിഎസ്ടി നഷ്ടപരിഹാരം അനുവദിക്കുക. സംസ്ഥാനങ്ങൾക്കുള്ള കുടിശികയുടെ 50 ശതമാനവും ഒറ്റത്തവണയായി നൽകുമെന്ന് കേന്ദ്രം  അറിയിച്ചു. കേന്ദ്രം 1.59 ലക്ഷം കോടി രൂപ വായ്പെടുത്ത് ജിഎസ്ടി നഷ്ടപരിഹാരം നല്‍കുമെന്ന് കഴിഞ്ഞ മെയിൽ ചേർന്ന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.

ജിഎസ്ടി നഷ്ടപരിഹാരം എത്രയും പെട്ടെന്ന് നൽകണമെന്നു വ്യാഴാഴ്ച കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ സന്ദർശിച്ച് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആവശ്യപ്പെട്ടിരുന്നു. 4500 കോടി രൂപയാണ് ഈ ഇനത്തിൽ കേരളത്തിന് ലഭിക്കാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. നഷ്ടപരിഹാര കാലാവധി അഞ്ച് വര്‍ഷം കൂടി നീട്ടണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യം ജിഎസ്ടി കൗണ്‍സിലില്‍ ചർച്ച ചെയ്യാമെന്ന് നിർമല സീതാരാമൻ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. 



Reactions