പാലക്കാട് : മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴയില്‍ നായ്ക്കളുമായി വേട്ടസംഘം നടന്നുനീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇത്തരത്തിൽ ദൃശ്യം പ്രചരിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കാൻ പോലീസ്. സിസിടിവി ദൃശ്യങ്ങളുെട ആധികാരികത ഉറപ്പാക്കിയതിനു പിന്നാലെ സംഘത്തെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണു പൊലീസും വനംവകുപ്പും. കാഞ്ഞിരപ്പുഴ ഡാമിന്റെ പരിസരത്തു മൃഗവേട്ടയ്ക്കിറങ്ങിയവരാകാനാണു സാധ്യതയെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്ക്തമാക്കുന്നത്. കാഞ്ഞിരപ്പുഴയില്‍ ഭീതിപരത്തി വേട്ടസംഘമെന്ന തലക്കെട്ടോടെ കഴിഞ്ഞദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ ആണ് ദൃശ്യം എത്തിയത്. ഇത് പിന്നീട് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറി.
പിന്നാലെ വനംവകുപ്പും പൊലീസും ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ചു. കാഞ്ഞിരപ്പുഴ ഡാമിനോടു ചേര്‍ന്നുള്ള വനമേഖലയിലേക്കു നീങ്ങിയ വേട്ട സംഘമെന്നു തെളിഞ്ഞു. മണ്ണാര്‍ക്കാട്, കല്ലടിക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ളവരാണ് സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളിലുള്ളതെന്നും പ്രാഥമികമായി മനസിലാക്കി. ഇവരെ കണ്ടെത്തി നേരിട്ടു വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുന്നതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞദിവസം തമിഴ്നാട്– കേരള അതിര്‍ത്തിയോടു ചേര്‍ന്നുള്ള മധുക്കരയില്‍ ആയുധധാരികളായ കവര്‍ച്ചാസംഘം പ്രത്യക്ഷപ്പെട്ടതിനു പിന്നാലെയാണു വീണ്ടും ജനങ്ങളെ ആശങ്കപ്പെടുത്തുന്ന സംഘത്തിന്റെ സാന്നിധ്യം. വനത്തില്‍ അതിക്രമിച്ചു കയറിയവരെ കണ്ടുപിടിക്കാനുള്ള ഗൗരവമായ അന്വേഷണമുണ്ടാകുമെന്നു വനംവകുപ്പും അറിയിച്ചു. കാഞ്ഞിരപ്പുഴ ഡാമിനോടു ചേര്‍ന്നുള്ള വനമേഖലയില്‍ മൃഗവേട്ട വ്യാപകമെന്ന പരാതി നിലനില്‍ക്കുമ്പോഴാണു കൂടുതല്‍ തെളിവായി സിസിടിവി ദൃശ്യങ്ങളും ഇപ്പോൾ പുറത്തു വന്നത്.


