ചെന്നൈ: ഇറക്കുമതി ചെയ്ത ആഡംബര കാറിന്റെ പ്രവേശന നികുതി ഇളവു തേടിയ നടൻ ധനുഷിനു മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. നടൻ വിജയ്ക്കു പിന്നാലെ ആണ് ധനുഷും ഇതേ ആവശ്യവുമായെത്തിയത്. പാൽ വാങ്ങുന്നവരും ഇന്ധനം വാങ്ങുന്നവരും പരാതിയില്ലാതെ നികുതി അടയ്ക്കുമ്പോൾ താരങ്ങൾ കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നു ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യൻ പ്രതികരിച്ചു. വിലകൂടിയ കാറുമായി റോഡിലിറങ്ങുമ്പോൾ ആ റോഡ് ഇത്തരം നികുതി പണം കൊണ്ടു നിർമിച്ചതാണെന്ന് ഓർക്കണം. പ്രവേശന നികുതിയുടെ കാര്യത്തിൽ അതതു സംസ്ഥാനങ്ങൾക്കു തീരുമാനമെടുക്കാമെന്ന സുപ്രീംകോടതി വിധിക്കു പിന്നാലെ നികുതി പൂർണമായും അടയ്ക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട്. ഹർജിയിൽ ധനുഷിന്റെ ജോലി സൂചിപ്പിക്കാത്തതും കോടതിയെ ചൊടിപ്പിച്ചു. എന്തു കൊണ്ടാണു സത്യവാങ്മൂലത്തിൽ ജോലി വിവരം ചേർക്കാതിരുന്നതെന്നു നാളെ കോടതിയിൽ വിശദമാക്കണമെന്നും ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യൻ പറഞ്ഞു.
2015ൽ ഇറക്കുമതി ചെയ്ത റോൾസ് റോയ്സ് ഗോസ്റ്റ് കാറിനു പ്രവേശന നികുതി ചുമത്തിയതു ചോദ്യം ചെയ്താണ് ധനുഷ് കോടതിയെ സമീപിച്ചത്. ഇന്നു രാവിലെ കോടതി കേസ് പരിഗണിച്ചപ്പോൾ നികുതി പൂർണമായും അടയ്ക്കാൻ തയാറാണെന്നും കേസ് പിൻവലിക്കുകയാണെന്നും ധനുഷിന്റെ അഭിഭാഷകൻ അറിയിച്ചെങ്കിലും സിനിമാ താരങ്ങൾ നികുതി ഇളവിനു വേണ്ടി കോടതിയിലെത്തിയതിനെ രൂക്ഷമായി വിമർശിക്കുകയായിരുന്നു കോടതി.


