താമരശ്ശേരി∙ ചെമ്പ്രയിൽ പാറക്കെട്ടിനുള്ളിൽ ഒരു രാത്രി മുഴുവൻ കുടുങ്ങി കിടന്ന് യുവാവ്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഇദ്ദേഹത്തെ അതിസാഹസികമായി രക്ഷപ്പെടുത്തി. ചെമ്പറ കല്ലടപ്പൊയിൽ ബിജീഷ് (36) ആണ് കല്ലടപ്പൊയിൽ ക്വാറിയോടു ചേർന്നുള്ള പാറയിടുക്കിൽ അബദ്ധത്തിൽ വഴുതി വീണത്. ഇന്നലെ ഉച്ചക്ക് ഒന്നോടെ അടുത്ത വീട്ടിലെ സ്ത്രീ പാറക്കെട്ടിനടുത്തു നിന്ന് ദീന രോദനം കേട്ട് വീട്ടുകാരെ വിവരം അറിയിച്ചു നടത്തിയ പരിശോധനയിലാണ് പാറ ഇടുക്കിനുള്ളിൽ തലയും കാൽഭാഗവും പുറേത്തേക്കായി അവശ നിലയിൽ യുവാവ് കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ ഓടി കൂടിയ നാട്ടുകാരും നരിക്കുനിയിൽ നിന്ന് സ്റ്റേഷൻ ഓഫിസർ കെ.പി. ജയപ്രകാശിന്റെ നേതൃത്വത്തിൽ എത്തിയ ഫയർ ഫോഴ്സും ചേർന്ന് രണ്ടുമണിയോടെ ബിജീഷീനെ പുറത്തെത്തിച്ച് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ചികിത്സ ലഭ്യമാക്കി. ഏതാനും പാറക്കല്ലുകൾ നീക്കം ചെയ്ത ശേഷം മറ്റു കല്ലുകൾ വീഴാതിരിക്കാൻ കയറിട്ടു ബന്ധിച്ച ശേഷമാണ് ഏറെ സാഹസപ്പെട്ട് പുറത്ത് എത്തിച്ചത്. വ്യാഴാഴ്ച വൈകുന്നേരം മുതൽ ബിജീഷിനെ കാണാതായിരുന്നു.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
അന്ന് വൈകിട്ട് ഇവിടെ എത്തിയ താൻ കാൽ തെറ്റി അബദ്ധത്തിൽ പാറകെട്ടിനുള്ളിലേക്ക് വീണതാണന്നാണ് ബിജീഷ് പറയുന്നത്. ഫയർ ഫോഴ്സ് അസി. സ്റ്റേഷൻ ഓഫിസർമാരായ ടി.പി. രാമചന്ദ്രൻ,കെ.കെ. രമേശൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എൻ.ഗണേശൻ, ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ എ. നിപിൻദാസ്,ഒ. അബ്ദുൾ ജലീൽ, ടി. സനൂപ്, എം.പി.രജിൻ, കെ.രഞ്ജിത്, എം.അനീഷ്, കെ.കെ.അനൂപ്, ഹോംഗാർഡ് കെ. സുജിത് എന്നിവരും രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.


