ബാലരാമപുരം ∙ ഭക്ഷണമോ വൈദ്യസഹായമോ ഇല്ലാതെ ശരീരം മുഴുവൻ പുഴുവരിച്ച നിലയിൽ വീട്ടിൽ കണ്ടെത്തിയ വയോധികയെ നാട്ടുകാരും പൊലീസും ചേർന്നു രക്ഷപ്പെടുത്തി. 3 മക്കളെയും വിളിച്ചു വരുത്തിയ പൊലീസ് അമ്മയുടെ സംരക്ഷണം ഏറ്റെടുക്കാൻ ചുമതലപ്പെടുത്തി.
തിരുവനന്തപുരം ബാലരാമപുരം വടക്കേവിള പ്ലാവിളാകത്തു വീട്ടിൽ സരോജിനി (80) യെ വ്രണം വന്നു പുഴുവരിച്ചു വേദന കൊണ്ടു പുളയുന്ന അവസ്ഥയിൽ കണ്ടെത്തിയത്. വീട്ടിലെത്തിയ ബന്ധുവാണ് ഇക്കാര്യം മനസിലാക്കിയത്. പ്രാഥമിക കാര്യങ്ങൾ പോലും നിർവഹിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. നിൽക്കാനും നടക്കാനും ബുദ്ധിമുട്ടായതിനാൽ പ്രാഥമിക കാര്യങ്ങൾ കട്ടിലിനരികിൽ തന്നെയാണു നിർവഹിച്ചിരുന്നത്. സംഭവം ഉടൻ തന്നെ ബന്ധുവായ കോൺഗ്രസ് പ്രവർത്തകൻ സിജുവിനെ വിവരം അറിയിച്ചു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും ചേർന്നു സരോജിനിയെ കുളിപ്പിച്ചു വൃത്തിയാക്കി മറ്റൊരു മുറിയിലേക്കു മാറ്റി. ഭക്ഷണവും വൈദ്യ സഹായവും നൽകി. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
ചായക്കട നടത്തിയാണു സരോജിനി മക്കളെ വളർത്തിയതെന്നും 2 പെൺ മക്കളും ഒരു മകനുമുണ്ട് എന്നും നാട്ടുകാർ പറഞ്ഞു. കുടുംബസ്വത്തു ഭാഗം വച്ചതിനെ തുടർന്നുണ്ടായ തർക്കങ്ങളാണു മക്കളെ പരസ്പരം അകറ്റിയതെന്നു പൊലീസ് വ്യക്തമാക്കി. ഓണം വരെ ഒരു മകൾ ഇടയ്ക്കു ഭക്ഷണം എത്തിക്കുമായിരുന്നു. പിന്നീട് അതും ഇല്ലാതായെന്നും നാട്ടുകാർ വിശദീകരിച്ചു. പൊലീസ് നടത്തിയ ചർച്ചയിൽ, സരോജിനി കുടുംബ വീട്ടിൽ തന്നെ താമസിക്കാനും ഓരോ മാസം വീതം മക്കൾ മാറി മാറി അമ്മയുടെ സംരക്ഷണം നിർവഹിക്കാനും തീരുമാനം എടുത്തു.


