ശ്രീനഗർ : ജമ്മു കശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് ഉണ്ടായ അപകടത്തിൽ കാണാതായ പൈലറ്റുമാരെ കണ്ടെത്തി. സുരക്ഷിതരായി കണ്ടെത്തിയ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ഉച്ചയോടെയാണ് ഇരുവരെയും കണ്ടെത്താൻ കഴിഞ്ഞത്. കഴിഞ്ഞ ദിവസമാണ് കത്വയിലെ രഞ്ജിത് സാഗറിലേക്ക് ദ്രുവ് ഹെലികോപ്റ്റർ തകർന്ന് വീണത്. രണ്ട് പൈലറ്റുമാരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.
തടാകത്തിൽ വീണ ഇരുവർക്കുമായി പുലർച്ചെ മുതൽ നാവിക സേന തെരച്ചിൽ ആരംഭിച്ചിരുന്നു. ഇരുവരും സുരക്ഷിതരാണെന്ന് നേരത്തെ തന്നെ നാവിക സേന വ്യക്തമാക്കിയിരുന്നു. ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളും നാവിക സേന കണ്ടെത്തി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പൈലറ്റുമാരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ അധികൃതർ അറിയിച്ചു.


