വെള്ളിയാഴ്ച റിലീസ് പ്രഖ്യാപിച്ചിരുന്ന 'പിടികിട്ടാപ്പുള്ളി'യുടെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍. നവാഗതനായ ജിഷ്ണു ശ്രികണ്ഠന്‍ സംവിധാനം ചെയ്ത ചിത്രം ജിയോ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് ടെലഗ്രാമിലെ ഒട്ടേറെ ഗ്രൂപ്പുകളില്‍ ചിത്രത്തിന്റെ വ്യാജപതിപ്പ് വ്യാപകമായി പ്രചരിക്കുന്നത്. 11 മണിക്കായിരുന്നു സിനിമയുടെ റിലീസ് പ്ലാൻ ചെയ്തിരുന്നത്. എന്നാൽ രാത്രിയോട് കൂടി ഒരുപാട് പേർ എന്നെ വിളിക്കാൻ തുടങ്ങി. സിനിമ റിലീസ് ചെയ്യുന്ന സമയത്ത് ആളുകളുടെ വിളി വരുന്നത്, പുതുമുഖ സംവിധായകനെ സംബന്ധിച്ചടത്തോളം സന്തോഷം നല്‍കുന്ന കാര്യമാണ്. എന്നാൽ സത്യത്തിൽ എനിക്ക് സങ്കടമാണ് തോന്നുന്നത്. പടം ഇപ്പോൾ തന്നെ ടെലിഗ്രാമിലൂടെ പുറത്തുവന്നു എന്ന കാര്യമാണ് വിളിക്കുന്നവർക്ക് പറയാനുണ്ടായിരുന്നത്.’ ‘2016 മുതലുള്ള എന്റെ പരിശ്രമമാണ് പിടികിട്ടാപ്പുള്ളി എന്ന സിനിമ. നാലര കൊല്ലം ഞാൻ ഈ സിനിമയ്ക്കായി ജീവിതം മാറ്റുവച്ചു. സിനിമ നല്ലതോ ചീത്തയോ എന്നത് രണ്ടാമത്തെ കാര്യം. എന്നെ വിശ്വസിച്ച് പണം മുടക്കിയ നിർമാതാവുണ്ട്. ജിയോ പോലുള്ള പ്ലാറ്റ്ഫോം സിനിമയുടെ ഡിജിറ്റൽ റൈറ്റ്സ് വാങ്ങുകയും ചെയ്തു. എന്നിട്ടും ഇത്രയും വലിയൊരു പ്ലാറ്റ്ഫോമിൽ നിന്നു തന്നെ ചിത്രം ലീക്ക് ആയി.’
‘സംഭവിക്കാൻ പോകുന്നത് ഇനി ഇവർ മലയാള സിനിമകൾ വാങ്ങാതെയാകും. ഇതാണല്ലോ അവസ്ഥ. എന്നെപ്പോലെ സിനിമ കണ്ടു നടക്കുന്ന സംവിധായകരുടെ അവസ്ഥയും പരിതാപകരമാകും. ടെലിഗ്രാമിൽ സിനിമ കണ്ടു എന്ന് പറഞ്ഞ് ഇനി ദയവ് ചെയ്ത് ആരും എന്നെ വിളിക്കരുത്. നല്ല മനസുള്ളവർ ജിയോ പ്ലാറ്റ്ഫോമിലൂടെ തന്നെ സിനിമ കാണണം.’–ജിഷ്ണു പറഞ്ഞു. ശ്രീ ഗോകുലം മൂവീസ് നിര്‍മിക്കുന്ന പിടികിട്ടാപ്പുള്ളി ഒരു കോമഡി ത്രില്ലറാണ്. റിലീസ് മുന്‍പേ വ്യാജപതിപ്പിറങ്ങിയ സാഹചര്യത്തില്‍ പരാതി നല്‍കുമെന്ന് സംവിധായകന്‍ ജിഷ്ണു അറിയിച്ചു .സണ്ണി വെയ്ന്‍, അഹാന കൃഷ്ണ, മെറീന മെക്കിള്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മേജര്‍ രവി, സൈജു കുറുപ്പ്, ബൈജു, ലാലു അലക്‌സ് തുടങ്ങിയവരും അണിചേരുന്നു.


