സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച കുറ്റവാളിയ്ക്ക് വിചിത്രമായ ശിക്ഷ നൽകി കോടതി. ജാമ്യം അനുവദിക്കണമെങ്കിൽ, ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങൾ ആറ് മാസത്തേയ്ക്ക് സൗജന്യമായി അലക്കി ഇസ്തിരിയിടണമെന്ന് കോടതി വിധിച്ചു. ബിഹാറിൽ ആണ് സംഭവം അരങ്ങേറിയത്. മധുബാനി കോടതിയിലെ അഡീഷണൽ ആൻഡ് സെഷൻസ് ജഡ്ജി അവിനാഷ് കുമാറാണ് ഇത്തരം ഒരു ഉത്തരവ് പുറപ്പെടുവിച്ചത്. ലൗകഹ ബസാറിലെ ലലൻ കുമാർ സഫിയെയാണ് ഒരു സ്ത്രീയെ പീഡിപ്പിച്ചെന്നാരോപിച്ച് ഏപ്രിൽ 18 -ന് അറസ്റ്റ് ചെയ്തത്. എന്നാൽ, അയാൾക്ക് കോടതി ജാമ്യം അനുവദിച്ചു. പക്ഷേ, 10,000 രൂപ കെട്ടിവെക്കാനും, അതിന് പുറമെ, ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങൾ ആറ് മാസത്തേക്ക് സൗജന്യമായി അലക്കി ഇസ്തിരിയിടണമെന്നുമുള്ള വ്യവസ്ഥയിലായിരുന്നു ജാമ്യം.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
വിചാരണവേളയിൽ, പ്രതിയ്ക്ക് വെറും 20 വയസ്സേയുള്ളുവെന്നും, മാപ്പ് നൽകണമെന്നും പ്രതിയുടെ അഭിഭാഷകർ വാദിച്ചു. പ്രതി തന്റെ തൊഴിലിന്റെ പരിധിക്കുള്ളിൽ നിന്ന് കൊണ്ട് സമൂഹത്തെ സേവിക്കാൻ തയ്യാറാണെന്നും അഭിഭാഷകർ പറഞ്ഞു. അങ്ങനെയാണ് കോടതി അയാൾക്ക് ജാമ്യം അനുവദിച്ചത്. സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കാനാണ് ഈ ശിക്ഷയെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. ആറുമാസത്തെ സേവനത്തിനുശേഷം, ഗ്രാമമുഖ്യനോ അല്ലെങ്കിൽ തന്റെ സൗജന്യ സേവനം പറ്റിയ ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥയോ നൽകുന്ന സർട്ടിഫിക്കറ്റ് പ്രതി കോടതിയിൽ ഹാജരാകണം.



