ഭൂട്ടാനിലെ യുവാക്കൾ അടുത്തിടെയാണ് ഒരു സത്യം തിരിച്ചറിയുന്നത്. തങ്ങളുടെ നാട്ടിൽ പന്നികൾക്കുള്ള തീറ്റ എന്ന പേരിൽ നൽകപ്പെടുന്നത് ഒരല്പം വിശേഷപ്പെട്ട സാധനമാണ് എന്ന സത്യം. മരിജുവാന എന്നത് ഭൂട്ടാനിൽ വിശേഷിച്ച് ഒരു പരിഗണനയും കൂടാതെ പോലും വളർന്നുവരുന്ന ഒരു ചെടിയാണ്. ഭൂട്ടാനിൽ ഇത്തരം ചെടികളെ അവർ വിളിക്കുന്ന പേര് പാക്പ നാം എന്നാണ്. പന്നിത്തീറ്റ എന്നാണ് അതിന്റെ അർഥം. അത് തീറ്റയായി കഴിക്കുന്ന പന്നികൾ ചെറിയൊരു ആലസ്യത്തോടെ, ഇരട്ടിച്ച വിശപ്പോടെ ആലയിൽ നിൽക്കും. വിശപ്പ് കൂടുമ്പോൾ നല്ല പോലെ ഭക്ഷണം തട്ടിവിടുന്ന ഈ പന്നികൾ പതിവിൽ കവിഞ്ഞ് തടിവെക്കും. പന്നിയുടെ തടി കൂടുന്തോറും പന്നിയിറച്ചിക്ക് വെളുപ്പ് കൂടിക്കൂടി വരും.
മുമ്പ് പന്നികൾക്കുള്ള തീറ്റയായി മാത്രം ഉപയോഗിച്ചിരുന്ന ഈ ചെടി ഇപ്പോൾ ഭൂട്ടാനിലെ പലരും ഇതിന്റെ മറ്റുള്ള പ്രതേകതകൾ തിരിച്ചറിഞ്ഞ് ഉണക്കി പുകയ്ക്കാനും പ്രയോജനപ്പെടുത്തുന്നുണ്ടെന്നാണ് പരാതി.



