കാണാതായ കല്ലറക്കല്ല് ഒരു വീട്ടിൽ മാർബിൾ സ്ലാബായി ഉപയോഗിക്കുന്നതായി കണ്ടെത്തി. മിഷിഗണിലെ ഒരു വീട്ടിലാണ് ഇത്തരം ഒരു സംഭവം അരങ്ങേറിയിരിക്കുന്നത്. ആഗസ്റ്റ് മാസത്തിൽ ഒരു എസ്റ്റേറ്റ് ലേല സ്ഥലത്താണ് ഈ കല്ലറക്കല്ല് കണ്ടെത്തിയത്. എന്നാല്‍, ഈ കല്ല് കണ്ടതോടെ ഇത് സെമിത്തേരിയില്‍ നിന്നുള്ളതാണ് എന്ന് സംശയം തോന്നിയ ഒരാള്‍ 'ഫ്രണ്ട്സ് ഓഫ് ലാൻസിംഗ് ഹിസ്റ്റോറിക് സെമിത്തേരീസു'മായി ബന്ധപ്പെടുകയായിരുന്നു. ഉടനെ തന്നെ അവർ അന്വേഷണവും ആരംഭിച്ചു. ഇതോടെ ഈ കല്ലറകല്ലിനു ഏകദേശം 150 വർഷം പഴക്കം ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. വീട്ടിലുള്ള സാധനങ്ങൾ പരിശോധിക്കാൻ കുടുംബം ഒരു ലേലക്കാരനെ നിയമിച്ചതാണ്. അയാള്‍ സാധനങ്ങളെല്ലാം പരിശോധിച്ചു വരുമ്പോഴാണ് അടുക്കളയിൽ ഈ മാർബിൾ സ്ലാബ് കണ്ടത്. അത് പരിശോധിച്ചപ്പോള്‍ ഒരു ശവക്കല്ലറയിൽ സ്ഥാപിച്ച കല്ലറക്കല്ലാണ് എന്ന് കണ്ടെത്തി. ഫജ് (പാലും വെണ്ണയും മറ്റും ചേര്‍ത്ത മിഠായി) ഉണ്ടാക്കാന്‍ വേണ്ടി ആ കല്ല് ഉപയോഗിച്ചതായി കുടുംബം വെളിപ്പെടുത്തി. എന്നാൽ ആ കല്ലറക്കല്ല് എങ്ങനെ എപ്പോൾ ആണ് വീട്ടിലെത്തിയത് എന്ന് പറയാന്‍ കുടുംബത്തിന് കഴിഞ്ഞില്ല.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
ഫജ് ഉണ്ടാക്കാന്‍ ഒരു ഉറപ്പുള്ള വസ്തു വേണം. മാര്‍ബിളില്‍ നിര്‍മ്മിച്ചത് കൊണ്ട് തന്നെ കുടുംബം അതിനായി കല്ലറക്കല്ല് ഉപയോഗിച്ച് പോരുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ അത് ആരുടെ ശവക്കല്ലറയാണ് എന്ന് കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ് എന്ന് ഫ്രണ്ട്സ് ഓഫ് ലാൻസിംഗ് ഹിസ്റ്റോറിക് സെമിത്തേരീസ് പ്രസിഡണ്ട് ലോറെറ്റ എസ് സ്റ്റാന്‍സ്വേ പറയുന്നു.



