പാലാ : ചലച്ചിത്ര സംവിധായകനെന്ന വ്യാജേന എത്തിയ ആൾ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറാൻ ശ്രമിച്ചു. പെൺകുട്ടിയെയും അമ്മയെയും കൂട്ടി പൊലീസ് നടത്തിയ തിരച്ചിലിനൊടുവിൽ യുവാവിനെ പിടികൂടി. മല്ലപ്പള്ളി കൈപ്പാട് ആലുംമൂട്ടിൽ രാജേഷ് ജോർജാണ് (47) അറസ്റ്റിലായത്. ഇന്നലെ മുരുക്കുംപുഴയിലാണു സംഭവം. 15 വയസ്സുള്ള പെൺകുട്ടിയെ കടയിലിരുത്തിയശേഷം അമ്മ പുറത്തു പോയ സമയത്ത് രാജേഷ് ഫോണിൽ സംസാരിച്ചുകൊണ്ടു കടയിലെത്തി.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
പെൺകുട്ടിയുടെ അമ്മയെയാണു വിളിക്കുന്നതെന്നു തെറ്റിദ്ധരിപ്പിക്കുകയും പെൺകുട്ടിയുമായി സംസാരിക്കുകയും ചെയ്തു. സംവിധായകനാണെന്നും പുതിയ സിനിമയിൽ നായികയെ ആവശ്യമുണ്ടെന്നും പറഞ്ഞു. തുടർന്നുള്ള പെരുമാറ്റത്തിൽ സംശയവും പേടിയും തോന്നിയ കുട്ടി പുറത്തിറങ്ങി ഓടി. ഇതിനിടെ രാജേഷ് കടന്നുകളഞ്ഞു. പ്രതി ടൗൺ വിട്ട് പോകാൻ സമയമായിട്ടില്ലാത്തതിനാൽ പരാതി ലഭിച്ച ഉടൻ പൊലീസ് മൂന്ന് ടീമായി തിരിഞ്ഞ് അന്വേഷണം തുടങ്ങി. ആദ്യ ടീം സിസിടിവി ദൃശ്യങ്ങൾ വീക്ഷിച്ചു. രണ്ടാമത്തെ ടീം പൊലീസ് വേഷത്തിൽ അന്വേഷിച്ചു. മൂന്നാം ടീമിലുള്ള എച്ച്എസ്ഒ കെ.പി.ടോംസൺ, പൊലീസുകാരായ ഷെറിൻ, ബിജു പി.തോമസ്, സ്റ്റീഫൻ എന്നിവർ മഫ്തിയിലും തിരച്ചിൽ ആരംഭിച്ചു. ടാക്സിയിൽ പെൺകുട്ടിയെയും അമ്മയെയും കൂട്ടിയാണ് മഫ്തിയിലുള്ള പൊലീസുകാർ തിരച്ചിൽ നടത്തിയത്. കൊട്ടാരമറ്റം, പഴയ സ്റ്റാൻഡ്, ബൈപാസ് റോഡ് എന്നിവിടങ്ങളിൽ തിരഞ്ഞതിനു ശേഷം കെഎസ്ആർടിസി സ്റ്റാൻഡ് ഭാഗത്തുനിന്നുമാണ് രാജേഷിനെ പെൺകുട്ടി തിരിച്ചറിഞ്ഞത്. സംഭവം നടന്ന് രണ്ടു മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടാൻ സാധിച്ചു. പ്രതിക്കെതിരെ പോക്സോ കേസ് കൂടി ചേർത്തു കേസെടുക്കുമെന്നു പൊലീസ് പറഞ്ഞു. മൂവാറ്റുപുഴ, കടയ്ക്കൽ, പൂയപ്പള്ളി, കീഴ്‌വായ്പൂര്, ആറന്മുള, ആറ്റിങ്ങൽ, കിളിമാനൂർ, ഹിൽപാലസ്, തോപ്പുംപടി തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ടെന്ന് എസ്എച്ച്ഒ കെ.പി.ടോംസൺ പറഞ്ഞു.



