തിരുവനന്തപുരം : സ്കൂൾ കുട്ടികളുള്ള വീടുകളിൽ 18 വയസ്സു കഴിഞ്ഞ എല്ലാവരും വാക്സീൻ എടുത്തെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യ വിദഗ്ധ സമിതി. നവംബർ ഒന്നിന് ക്ലാസുകൾ ആരംഭിക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് ഇതു സംബന്ധിച്ച ശുപാർശ സമിതി കൈമാറിയത്.
വിദ്യാർഥികളുടെ വീടുകളിൽ എല്ലാവരും വാക്സീൻ എടുത്തെന്ന് ഉറപ്പാക്കാൻ സ്കൂളുകൾ കേന്ദ്രീകരിച്ച് ക്യാംപെയ്ൻ ആരംഭിക്കണം. കുട്ടികളിൽനിന്ന് വിവരം ശേഖരിച്ച് ആരോഗ്യവകുപ്പിനു കൈമാറേണ്ട ഉത്തരവാദിത്തം സ്കൂളിനാണ്. പ്രായമായവരോ മറ്റു രോഗങ്ങളോ ശാരീരിക പ്രശ്നങ്ങൾ ഉള്ളവരോ വീട്ടിലുണ്ടെങ്കിൽ അവരുടെ വിവരങ്ങൾ ശേഖരിച്ച് നിരീക്ഷണ വിധേയമാക്കാനും നിർദേശിച്ചിട്ടുണ്ട്.
വീടുകളിൽ ആരെങ്കിലും രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ അവർ മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെടാതെ വീടിനുള്ളിൽ ക്വാറന്റീനിൽ കഴിയണം. വീട്ടിൽ സൗകര്യമില്ലെങ്കിൽ പുറത്തുള്ള സർക്കാർ സൗകര്യങ്ങൾ ഉപയോഗിക്കണം. വിദ്യാർഥികളിലൂടെ ഇക്കാര്യങ്ങൾ വീട്ടുകാർക്കുള്ള സന്ദേശമായി എത്തിക്കുന്നത് പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തൽ.കുട്ടികളെ കോവിഡ് കാര്യമായി ബാധിക്കില്ലെന്നാണ് വിദഗ്ധസമിതിയുടെ അഭിപ്രായം. സ്കൂളുകൾ തുറക്കുമ്പോൾ കുട്ടികളിൽ ചിലർക്കു കോവിഡ് ബാധയുണ്ടാകാനുള്ള സാധ്യതയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട കാര്യമില്ല. കോവിഡിന്റെ ആദ്യ തരംഗത്തിൽ അപൂർവമായി ചില കുട്ടികളെ രോഗം കാര്യമായി ബാധിച്ചിരുന്നു.
എന്നാൽ, അത്തരം സാഹചര്യങ്ങളെ നേരത്തേ കണ്ടെത്തി പ്രതിരോധിക്കാനുള്ള സംവിധാനം ഇപ്പോൾ ആരോഗ്യ മേഖലയ്ക്കുണ്ട്. കുട്ടികളിലൂടെ മുതിർന്നവരിലേക്കു രോഗം പടർന്നു ഗുരുതരമാകാതിരിക്കാനുള്ള തയാറെടുപ്പുകൾക്കാണ് ഈ ഘട്ടത്തിൽ മുൻഗണന. മറ്റു രോഗങ്ങളുള്ള കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഇത്തരം കുട്ടികൾ എണ്ണത്തിൽ കുറവായതിനാൽ ആശങ്ക വേണ്ടെന്നാണ് വിദഗ്ധ സമിതിയുടെ അഭിപ്രായം. പുതിയ വൈറസ് വകഭേദങ്ങൾ ഉണ്ടായില്ലെങ്കിൽ രണ്ടു മാസത്തിനുള്ളിൽ സംസ്ഥാനത്ത് രോഗം നിയന്ത്രണ വിധേയമാകും. വാക്സിനേഷന്റെ ആദ്യഘട്ടം 90% പിന്നിട്ടത് അനുകൂല ഘടകമാണ്. 38% പേർക്ക് രണ്ടാം ഡോസും നൽകാനായി. സ്കൂളുകൾ തുറക്കുന്ന സമയമാകുമ്പോൾ രണ്ടാം ഡോസും 70 ശതമാനത്തിൽ അധികംപേർക്കു നൽകാൻ കഴിയുമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ.



