Hot Posts

6/recent/ticker-posts

രാജ്യത്ത് ഒമിക്രോൺ 200 കടന്നു : യുദ്ധസജ്ജ’ മാകാൻ നിർദേശം; രാത്രി കർഫ്യൂ പരിഗണനയിൽ


ന്യൂഡൽഹി: ഡെൽറ്റ വകഭേദത്തെക്കാൾ മൂന്നിരട്ടി വ്യാപനശേഷിയുള്ളതാണ് ഒമിക്രോണെന്നും നേരിടാനായി ‘യുദ്ധസജ്ജ’മാകാനും കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്കയച്ച കത്തിൽ വ്യക്തമാക്കി. ഇന്ത്യയിൽ കോവിഡിന്റെ ഒമിക്രോൺ വകഭേദം ബാധിച്ചവരുടെ എണ്ണം 213 ആയി. ഇതിൽ 77 പേർ രോഗമുക്തി നേടി. തെലങ്കാന (20), കർണാടക (19), രാജസ്ഥാൻ (18), കേരളം (15), ഗുജറാത്ത് (14) എന്നിവിടങ്ങളിലും ഒമിക്രോൺ കേസുകൾ കൂടുതലാണ്.



രാത്രി കർഫ്യൂ, വലിയ ജനക്കൂട്ടം ഒഴിവാക്കാനുള്ള കർശന നടപടികൾ, വിവാഹത്തിനും മരണാനന്തര ചടങ്ങിനും പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കൽ തുടങ്ങിയ നടപടികൾ പരിഗണിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നിർദേശിച്ചു. ഹൈ റിസ്ക് അല്ലാത്ത രാജ്യങ്ങളിൽ നിന്നു കേരളത്തിലെത്തുന്ന കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ സ്വയം നിരീക്ഷണം കർശനമായി പാലിക്കണമെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ് നിർദേശിച്ചു.  


ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നു വരുന്നവർക്ക് 7 ദിവസം ക്വാറന്റീനും 7 ദിവസം സ്വയം നിരീക്ഷണവുമാണ്. മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് 14 ദിവസം സ്വയം നിരീക്ഷണമാണുള്ളത്. പലരും മാർഗനിർദേശങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയെന്നും മന്ത്രി പറഞ്ഞു. കണ്ടെയ്ൻമെന്റ്, ക്ലിനിക്കൽ പരിശോധന, വാക്സീൻ കുത്തിവയ്പ്, ജാഗ്രത നടപടികൾ എന്നിവ ഉറപ്പാക്കുന്നതിന് സാമൂഹിക പങ്കാളിത്തം വേണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. 
Reactions