Hot Posts

6/recent/ticker-posts

കോട്ടയം മെഡിക്കൽ കോളേജിനെ 
മികച്ച ചികിത്സാകേന്ദ്രങ്ങളുടെ 
പട്ടികയിൽപ്പെടുത്തണം: 
ഹൈക്കോടതി


കൊച്ചി: അപൂർവരോഗങ്ങളുടെ ചികിത്സയ്‌ക്കായി കോട്ടയത്തെ ഉൾപ്പെടെ മുന്നു മെഡിക്കൽ കോളേജുകളെ മികച്ച ചികിത്സാകേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ ഹൈക്കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകി. 



കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളേജുകളെ പട്ടികയിൽ ഉൾപ്പെടുത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയം അടിയന്തര നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. 


അപൂർവരോഗബാധിതരായ കുട്ടികളുടെ ചികിത്സയ്‌ക്ക് സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. 

കോടതി നിർദേശപ്രകാരം 50 ലക്ഷം രുപ പ്രത്യേക അക്കൗണ്ടിൽ സർക്കാർ നിക്ഷേപിച്ചിരുന്നു. അപൂർവരോഗങ്ങളുടെ ചികിത്സയ്‌ക്കുള്ള ദേശീയ നയപ്രകാരം എട്ട് മികച്ച കേന്ദ്രങ്ങൾ മാത്രമാണ് കേന്ദ്ര സർക്കാരിന്റെ പട്ടികയിലുള്ളതെന്നും കേരളത്തിൽനിന്ന് ഒന്നുപോലും ഇല്ലെന്നും സംസ്ഥാനത്തുനിന്ന് മൂന്നു മെഡിക്കൽ കോളേജുകളെ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനം കത്തെഴുതിയിരുന്നു. ഇതിൽ നടപടിയുണ്ടായിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. 

തുടർന്നാണ് നടപടിക്ക് കോടതി നിർദേശം നൽകിയത്. ചികിത്സയ്‌ക്കും മറ്റുമായുള്ള വി കെയർ പദ്ധതിക്ക് പണം ലഭിക്കുന്നുണ്ടെന്നും അപൂർവരോഗ ചികിത്സാഫണ്ടിൽ പണം എത്തുന്നതിന് മതിയായ മാധ്യമങ്ങളിലൂടെ നൽകാനും കോടതി ഉത്തരവിട്ടു. സ്വീകരിച്ച നടപടി കേന്ദ്രം രണ്ടാഴ്ചയ്‌ക്കകം അറിയിക്കണം.

Reactions