Hot Posts

6/recent/ticker-posts

പുരസ്‌കാരത്തിൽ തിളങ്ങി അലീനയും അഖിലേഷും


വനിതാ ശിശു വികസന വകുപ്പ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ഈ വർഷത്തെ ഉജ്വല ബാല്യ പുരസ്കാരം കുളത്തൂർ പ്രയാർ സ്വദേശിനി അലീന ഷെറിൻ ഫിലിപ്പ്,  മാടപ്പള്ളി സ്വദേശി അഖിലേഷ് രാജ് എന്നിവർ സ്വന്തമാക്കി. 



കല, കായികം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐടി കൃഷി, മാലിന്യ സംസ്കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശിൽപ നിർമാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നിവയുമായി ബന്ധപ്പെട്ട് ജില്ലാതലത്തിൽ  ഏർപ്പെടുത്തിയിട്ടുള്ളതാണ് പുരസ്‌കാരം. പന്ത്രണ്ടിനും 18 നുമിടയിൽ പ്രായമുള്ളവരെയാണ് പരിഗണിക്കുക. 


പൊതു വിഭാഗക്കാരിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട അലീന ഷെറിൻ ഫിലിപ്പ് മികച്ച ചിത്രകാരിയാണ്. 1,500 ലധികം ചിത്രങ്ങൾ വരക്കുകയും ചിത്രപ്രദർശനം നടത്തുകയും ചെയ്തിട്ടുണ്ട്. നെടുംകുന്നം സെന്റ്‌ ജോൺ ദ ബാപ്റ്റിസ്റ്റ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. അച്ഛൻ റെജി ഫിലിപ്പ്, അമ്മ റൈനി. അനു ഷാലറ്റ്, മരിയ ഷാരോൺ എന്നിവർ സഹോദരിമാരാണ്.

ഭിന്നശേഷി വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട അഖിലേഷ് മികച്ച കലാ-കായിക പ്രതിഭയാണ്. നെടുംകുന്നം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. അച്ഛൻ രാജേഷ്, അമ്മ വി എസ്‌ അഞ്‌ജുമോൾ,  സഹോദരി ഗൗരി നന്ദന.

കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ കലക്ടർ ഡോ. പി കെ ജയശ്രീ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ഫലകവും 25,000 രൂപയുമടങ്ങുന്നതാണ് പുരസ്‌കാരം. 

ചടങ്ങിന്റെ ഭാഗമായി ചേർന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ നിർമല ജിമ്മി ഉദ്ഘാടനം ചെയ്തു. ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ പി എൻ ഗീതമ്മ, പഞ്ചായത്ത് പ്രസിഡന്റുമാരായ മണിയമ്മ രാജപ്പൻ, ടി എസ് ശ്രീജിത്ത്,  ജില്ലാ പഞ്ചായത്തംഗം മഞ്ജു സുജിത്, വിദ്യാഭ്യാസ ഉപഡയറക്ടർ ൽഎൻ സുജയ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ എസ് മല്ലിക, പ്രൊട്ടക്ഷൻ ഓഫീസർ അഞ്‌ജുമോൾ സ്കറിയ, ജനപ്രതിനിധികളായ ശ്രീജിത്ത് വെള്ളാവൂർ, ബിന്ദു ജോസഫ്, ബിൻസൺ, അനൂപ് എന്നിവർ പങ്കെടുത്തു. 

Reactions