പാലാ: ലോക വനിതാ ദിനാചരണം കോവിഡ് കാലത്തെ രക്തക്ഷാമം പരിഹരിക്കുവാനായി മാറ്റിവച്ചു കൊണ്ട് പാലാ അൽഫോൻസാ കോളേജ്. അൽഫോൻസാ കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റെയും സുവോളജി ഡിപ്പാർട്ടുമെൻ്റിൻ്റേയും നേതൃത്വത്തിൽ പാലാ ബ്ലഡ് ഫോറത്തിൻ്റെ സഹകരണത്തോടെ പാലാ അൽഫോൻസാ കോളേജിൽ നടത്തിയ സന്നദ്ധ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി.
കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ റെജീനാമ്മ ജോസഫ് വിദ്യാർത്ഥിനികൾക്ക് മാതൃകയായി ആദ്യ രക്തദാനം നടത്തി. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥിനികളിൽ പല വിദ്യാർത്ഥിനികളുടെയും കന്നി രക്തദാനമായിരുന്നു എന്നതും ശ്രദ്ധേയമായി. അൻപതോളം വിദ്യാർത്ഥിനികൾ രക്തം ദാനം ചെയ്തു.
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് പാലാ ഡി വൈ എസ് പിയും പാലാ ബ്ലഡ് ഫോറം ചെയർമാനുമായ ഷാജു ജോസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ.സി.റെജീനാമ്മ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം മുഖ്യ പ്രഭാഷണം നടത്തി.
ബർസാർ റവ.ഡോക്ടർ ജോസ് ജോസഫ്, സുവോളജി ഡിപ്പാർട്ട്മെൻ്റ് ഹെഡ് ഡോ.സി.മഞ്ജു എലിസബത്ത് കുരുവിള, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോക്ടർ സിമിമോൾ സെബാസ്റ്റ്യൻ, സിസ്റ്റർ ആലീസ് ഔസേഫുപ്പറമ്പിൽ, എൻ എസ് എസ് വോളണ്ടിയർ സെക്രട്ടറി മേഘ വിൻസെൻ്റ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഭരണങ്ങാനം മേരിഗിരി ബ്ലഡ് ബാങ്കാണ് ക്യാമ്പിന് നേതൃത്വം നല്കിയത്.
കോവിഡ് ആരംഭിച്ച കാലം മുതൽ ജില്ലയിലെ എല്ലാ ബ്ലഡ് ബാങ്കുകളിലും പാലാ ബ്ലഡ് ഫോറത്തിൻ്റെ നേത്യത്വത്തിൽ രക്തദാതാക്കളെ എത്തിച്ച് രക്തം ദാനം ചെയ്യിച്ചുകൊണ്ടുള്ള പ്രവർത്തനം നടത്തി വരികയാണെന്ന് ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം പറഞ്ഞു .
ജനമൈത്രി പോലീസുമായി ചേർന്ന് ക്യാമ്പുകൾ നടത്തുവാൻ തയാറായിട്ടുള്ള സംഘടനകൾക്കും വ്യക്തികൾക്കും 9447043388 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
