രാജ്യത്ത് നിർബന്ധിത വാക്സിനേഷൻ പാടില്ലെന്ന് സുപ്രീം കോടതി. വാക്സിനേഷൻ നിരസിക്കാനുള്ള അവകാശവുമുണ്ട്. ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദം അനുസരിച്ച് ഒരു വ്യക്തിയുടെ ശാരീരിക സമഗ്രതയ്ക്കുള്ള അവകാശത്തിൽ വാക്സിനേഷൻ നിരസിക്കാനുള്ള അവകാശവുമുണ്ടെന്ന് കോടതി വ്യക്തമാക്കി.
ഒരു വ്യക്തിയെയും കുത്തിവയ്പ്പ് എടുക്കാൻ നിർബന്ധിക്കരുത്. എന്നാൽ പൊതുതാത്പര്യം പരിഗണിച്ച് വാക്സിൻ കുത്തിവെപ്പ് എടുക്കാത്തവർക്കെതിരെ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സർക്കാരുകൾക്ക് അധികാരമുണ്ട്. വാക്സിൻ സ്വീകരിക്കാത്തവർക്ക് പൊതു സ്ഥലങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയ സംസ്ഥാന സർക്കാരുകളുടെ നടപടി ഏകപക്ഷീയമാണെന്ന് കോടതി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ അത്തരം ഉത്തരവുകൾ പിൻവലിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. വാക്സിൻ്റെ പാർശ്വഫലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
കുട്ടികൾക്കുള്ള വാക്സിനേഷൻ നയവും കോടതി അംഗീകരിച്ചു. എന്നാൽ ഇതിനെക്കുറിച്ചുള്ള ക്ലിനിക്കൽ ട്രയൽ ഡാറ്റ എത്രയും വേഗം പരസ്യമാക്കാൻ നിർദ്ദേശിച്ചു. കൊവിഡ് വാക്‌സിനേഷന് ശേഷമുള്ള പ്രതികൂല സംഭവങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ പ്രസിദ്ധീകരിക്കാനും കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി. അതേസമയം, പുതിയ കേസുകളിൽ വർധനയുണ്ടെങ്കിലും രാജ്യത്ത് കൊവിഡിൻ്റെ നാലാം തരംഗത്തിനുള്ള സാധ്യതയില്ലെന്ന് ഐസിഎംആർ അറിയിച്ചു.

