ഏറ്റുമാനൂർ: നഗരത്തിലുള്ള ഹെൽത്ത് സെന്റർ അത്യാധുനിക സൗകര്യങ്ങളോടെ മെഡിക്കൽ കോളജ് ആശുപത്രിയുടെ സബ് സെന്ററായി ഉയർത്തുന്നു. ഇവിടെയുള്ള പഴയ കെട്ടിടം പൊളിച്ച് പുതിയ 2 നില പണിയും. രണ്ടാഴ്ചയ്ക്കുള്ളിൽ നിർമാണം ആരംഭിക്കും. പുതിയ കെട്ടിടം പൂർത്തിയാകുന്നതോടെ ഇ– ഹെൽത്ത് പ്രോഗ്രാം പദ്ധതിയും ആരംഭിക്കും. ഇ– ഹെൽത്ത് പോർട്ടൽ വഴി വീട്ടിലിരുന്നു തന്നെ ഡോക്ടർമാരുടെ അപ്പോയ്ന്റ്മെന്റ് എടുക്കാമെന്നതാണ് പ്രത്യേകത.
സെൻട്രൽ ജംക്‌ഷനിൽ നിന്നു നീണ്ടൂർ റോഡിൽ പഴയ പഞ്ചായത്ത് ഓഫിസിനു പിറകിലാണ് ഹെൽത്ത് സെന്റർ . കോട്ടയം മെഡിക്കൽ കോളജ് ഹെൽത്ത് സെന്റർ എന്നാണ് പേര്.എന്നാൽ വേണ്ടത്ര സൗകര്യം ഇല്ലാത്തതിനാൽ കൂടുതൽ പ്രയോജനം ലഭിച്ചിരുന്നില്ല.നാഷണൽ ഹെൽത്ത് മിഷന്റെ 2.78 കോടി രൂപയാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്.
നിലവിൽ ഒപിയും കിടത്തിച്ചികിത്സയും ഉണ്ട്. ഇപ്പോഴുള്ള ചികിത്സാ സംവിധാനങ്ങൾക്ക് തടസ്സം ഉണ്ടാകാത്ത വിധമാണ് പുതിയ കെട്ടിടം പണിയുന്നത്. ഒപി മുറി, ഫാർമസി, ലാബ്, ഡോക്ടേഴ്സ് മുറി, നഴ്സസ് മുറി, സ്റ്റാഫ് മുറി, രോഗികൾക്ക് കാത്തിരിപ്പുകേന്ദ്രം എന്നിങ്ങനെയുള്ള സൗകര്യങ്ങൾ ആധുനിക രീതിയിൽ ക്രമീകരിക്കും. വാഹന പാർക്കിങ്ങിനും സൗകര്യം ഉണ്ടാകും.

