അനധികൃതമായി പ്രവർത്തിക്കുന്ന ഭക്ഷണ വിൽപനശാലകൾക്ക് എതിരെ കർശന നടപടിയെടുക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രത്യേക ഉത്തരവ് കഴിഞ്ഞ ദിവസം പഞ്ചായത്തുകൾക്കു ലഭിച്ചു.
ഹോട്ടലുകൾ, ബേക്കറികൾ, ഫാസ്റ്റ് ഫുഡ് വിൽപന കേന്ദ്രങ്ങൾ, ആഹാരം പാകം ചെയ്തും അല്ലാതെയും വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവയുടെ ലൈസൻസ് ഉറപ്പാക്കണം. ലൈസൻസോടു കൂടിയാണോ പ്രവർത്തിക്കുന്നത് എന്ന കാര്യം അടിയന്തരമായി പരിശോധിക്കണം. ലൈസൻസ് ഇല്ലെങ്കിൽ അടച്ചു പൂട്ടണം. വഴിയോരങ്ങളിൽ പ്രവർത്തിക്കുന്ന ഐസ്ക്രീം, ശീതള പാനീയങ്ങൾ, മറ്റു പാനീയങ്ങൾ വിൽക്കുന്ന കടകൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗം പരിശോധന നടത്തണം.
മായം ചേർന്ന സാധനങ്ങൾ വിൽക്കുന്ന കടകൾ കണ്ടെത്തി ലൈസൻസ് റദ്ദാക്കണം. മാംസാഹാരങ്ങൾ വിൽക്കുന്ന കടകളിൽ പ്രത്യേക പരിശോധന നടത്തി ഗുണനിലവാരം ഉറപ്പാക്കണം.

