പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്താൻ സ്കൂളുകൾക്ക് നിലവാരനിർണയവും ഗ്രേഡിങ്ങും ഏർപ്പെടുത്തണമെന്ന് സംസ്ഥാന സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണ കരട് സമീപനരേഖയിൽ ശുപാർശ.
ഉയർന്ന നിലവാരം പുലർത്തുന്ന സ്കൂളുകൾക്ക്, കോളേജുകൾക്കുള്ള നാക് അക്രഡിറ്റേഷനു സമാനമായ റാങ്കിങ്ങും ഇന്റേണൽ, എക്സ്റ്റേണൽ ഗ്രേഡുകളും ഏർപ്പെടുത്തണമെന്നും നിർദേശമുണ്ട്. ഡിജിറ്റൽ വിദ്യാഭ്യാസത്തിനും തൊഴിൽപഠനത്തിനും ഊന്നൽ നൽകുന്നതാണ് പുതിയ പാഠ്യപദ്ധതി. വിശദ രൂപരേഖ ഉടൻ തയ്യാറാകും.
2024 അധ്യയനവർഷം മുതൽ പുതിയ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും നിലവിൽവരും. കേന്ദ്ര വിദ്യാഭ്യാസനയത്തിന്റെ ചുവടുപിടിച്ചാണ് പരിഷ്കാരം. പാഠപുസ്തകത്തിലെ വസ്തുതകൾ വിദ്യാർഥി അതേപടി സ്വായത്തമാക്കുന്നതിനു പകരം യുക്തിപൂർവം വിലയിരുത്തി സ്വയം നിഗമനത്തിലെത്താൻ പാകത്തിൽ ക്ലാസ് മുറികളെ മാറ്റും.
സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ നടപ്പാക്കുന്ന പഠനരീതി കേരളത്തിനനുയോജ്യമായ രീതിയിൽ പ്രയോജനപ്പെടുത്തും. ആശയരൂപവത്കരണത്തിലേക്ക് ഭാവനയെ ഉണർത്താനും ബുദ്ധിയും ക്രിയാത്മകതയും ഉത്തേജിപ്പിക്കാനും പാകത്തിലുള്ളതാണ് ഈ മാതൃക. 2013-നുശേഷം സ്കൂൾ പാഠ്യപദ്ധതിയും പഠനസാമഗ്രികളും സമഗ്രമാറ്റത്തിനു വിധേയമായിട്ടില്ല.



