സമ്പൂർണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ നഗരമായി കോട്ടയത്തെ പ്രഖ്യാപിച്ചതിന്റെ 33ാം വാർഷികമാണ് ഇന്ന്. നൂറുദിവസം നീണ്ട ജനബോധന സാക്ഷരത യജ്ഞത്തിലൂടെയാണ് 1989 ജൂൺ 25ന് കോട്ടയം സമ്പൂർണ സാക്ഷരതയെന്ന നേട്ടം കൈവരിച്ചത്.
നൂറുദിവസം നീണ്ട യജ്ഞത്തിലൂടെയാണ് 1989 ജൂൺ 25ന് കോട്ടയം സമ്പൂർണ സാക്ഷരതയെന്ന മഹത്തായ നേട്ടം കൈവരിച്ചത്. കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രിയായിരുന്ന എൻ.പി സാഹിയാണ് അന്ന് പ്രഖ്യാപനം നടത്തിയത്. മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാർ, മന്ത്രിമാർ എന്നിവർ പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തിരുന്നു.
1989 മാർച്ച് നാലിന് ഗാന്ധി സ്ക്വയറിൽനിന്ന് കെ.കെ റോഡ് വഴി മാമ്മൻ മാപ്പിളഹാളിലേക്ക് മഹാത്മാഗാന്ധി സർവകലാശാല വൈസ്ചാൻസലറായിരുന്ന പ്രഫ. യു.ആർ. അനന്തമൂർത്തിയുടെ നേതൃത്വത്തിൽ നടന്ന കൂട്ടയോട്ടത്തോടെയായിരുന്നു യജ്ഞത്തിന്റെ തുടക്കം. 'ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്ക്' എന്ന പേരിൽ നടത്തിയ കൂട്ടയോട്ടത്തിൽ രണ്ടായിരത്തിലധികം പേർ പങ്കാളികളായി.
രാവിലെ 10ന് തിരുനക്കര മൈതാനത്ത് വൈസ് ചാൻസലർ പ്രഫ. യു.ആർ. അനന്തമൂർത്തി നൽകിയ സാക്ഷരത പതാക ഭിന്നശേഷിക്കാരനായ സുകുമാരൻ ഉയർത്തിയതോടെയാണ് യജ്ഞത്തിനു തുടക്കമായത്. 10.30ന് ഗാന്ധി പ്രതിമചുറ്റി കൂട്ടയോട്ടം ആരംഭിച്ചു.യജ്ഞം തുടങ്ങുന്നതിന്റെ ഭാഗമായി കോട്ടയത്തെ 32 വാർഡിലും കൗൺസിലർമാരുടെ നേതൃത്വത്തിൽ അന്നേദിവസം സാക്ഷരത പതാക ഉയർത്തിയിരുന്നു. മാമ്മൻ മാപ്പിള ഹാളിൽ കേന്ദ്രമന്ത്രിയായിരുന്ന എം.എം. ജേക്കബാണ് സാക്ഷരത യജ്ഞത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.



