Hot Posts

6/recent/ticker-posts

സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ വാടകയ്‌ക്കെടുക്കാന്‍ ഒരുങ്ങി കെഎസ്ആർടിസി

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743



കെഎസ്ആർടിസിയില്‍ ദീര്‍ഘദൂര സര്‍വീസിനും ബജറ്റ് ടൂറിസത്തിനും കൂടുതല്‍ സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ വാടകയ്‌ക്കെടുക്കുന്നു. കാലാവധി കഴിഞ്ഞ 249 സൂപ്പര്‍ക്ലാസ് ബസുകള്‍ ഉടന്‍ ഒഴിവാക്കേണ്ടിവരുന്നതിനാലും ബജറ്റ് ടൂറിസത്തിനായി കൂടുതല്‍ ബസുകള്‍ മാറ്റാന്‍ കഴിയാത്തതിനാലുമാണ് പുതിയ നീക്കം. 



കോര്‍പ്പറേഷന് മികച്ച വരുമാനമുണ്ടാക്കുന്നത് സൂപ്പര്‍ക്ലാസ് ബസുകളാണ്. ഇപ്പോള്‍ ഓടുന്ന ബസുകളുടെ കാലാവധി കഴിയുന്നതോടെ ദീര്‍ഘദൂര സര്‍വീസുകളില്‍ കെഎസ്ആർടിസിയുടെ സാന്നിധ്യം ഇല്ലാതാകും.ഒരുവര്‍ഷംകൊണ്ട് പ്രതിസന്ധി ഗുരുതരമാകും. 183 കോടിയില്‍ എത്തിയ ടിക്കറ്റ് വരുമാനവും ഇടിയും. കെ-സ്വിഫ്റ്റിലും സൂപ്പര്‍ക്ലാസ് ബസുകളുടെ റൂട്ടില്‍ ഓടിക്കുന്നതിന് വേണ്ടത്ര ബസുകളില്ല. ഒഴിവാക്കുന്ന ബസുകള്‍ക്കുപകരം ഓടിക്കാന്‍ 116 ബസുകള്‍ മാത്രമാണ് സ്വിഫ്റ്റിലുള്ളത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് 700 ബസുകള്‍ വാങ്ങാന്‍ അനുമതിയുണ്ടെങ്കിലും സി.എന്‍.ജി-ഇലക്ട്രിക് ബസുകള്‍ മാത്രമാണ് വാങ്ങാനാകുക. ഈ ബസുകള്‍ ദീര്‍ഘദൂരയാത്രയ്ക്ക് ഉപയോഗിക്കാനാകില്ല.

കാര്യക്ഷമത കൂടിയതും വേഗത്തില്‍ ഓടിക്കാനാകുന്നതും യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമാണ് കോര്‍പ്പറേഷന്‍ കൂടുതല്‍ സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ വാടകയ്‌ക്കെടുക്കുന്നത്. കോവിഡ് പ്രതിസന്ധിമൂലം ഓടിക്കാനാകാതെയിട്ടിരുന്ന ഒട്ടേറെ സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ കെ.എസ്.ആര്‍.ടി.സി.ക്കുവേണ്ടി ഓടാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഒരുവര്‍ഷത്തിനുള്ളില്‍ കോര്‍പ്പറേഷനില്‍നിന്ന് അനേകം ഡ്രൈവര്‍മാര്‍ വിരമിക്കുന്നുണ്ട്. അത് സര്‍വീസുകള്‍ മുടങ്ങാന്‍ ഇടയാക്കുകയും ചെയ്യും. സ്വകാര്യ ബസുകള്‍ വാടകയ്ക്ക് എടുക്കുന്നതിലൂടെ ഈ പ്രശ്‌നത്തിനും പരിഹാരം കാണാനാകും. 

ഓണമടക്കമുള്ള അവധി ദിവസങ്ങളില്‍ കൂടുതല്‍ ബസുകള്‍ വേണ്ടിവരും. അതിനായും സ്വകാര്യബസുകള്‍ ഉപയോഗപ്പെടുത്തും. എന്നാൽ വാടക ബസുകള്‍ ഓടിക്കാനുള്ള മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെ സിഐടിയു രംഗത്തുണ്ട്. ഒരു സ്വകാര്യ ടൂറിസ്റ്റ് ബസ് പോലും ഡിപ്പോകളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും കോര്‍പ്പറേഷനെ സ്വകാര്യവത്കരിക്കാനുള്ള നീക്കം ചെറുക്കുമെന്നുമാണ് സംഘടനയുടെ നിലപാട്.

Reactions