Hot Posts

6/recent/ticker-posts

പോലീസ് വാഹനം എല്ലാ പോലീസുകാർക്കും ഉപയോഗിക്കാം

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


പോലീസ് സ്റ്റേഷൻ വാഹനങ്ങൾ  സ്റ്റേഷന്റെ പൊതു ഉപയോഗത്തിനായി അനുവദിച്ചതാണെന്ന് വ്യക്തമാക്കി സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് സർക്കുലർ ഇറക്കി. എസ്.ഐ, എ.എസ്.ഐ, സി.പി.ഒ -മാർ എന്നിവരുടെ ഔദ്യോഗിക ചുമതല നിർവഹിക്കാൻ വാഹനങ്ങൾ ആവശ്യമുള്ളപക്ഷം സ്റ്റേഷൻ ഹൗസ് ഓഫീസർമാർ വാഹനം നൽകണമെന്നും പോലീസ് മേധാവി നിർദേശിച്ചു.




എസ്.എച്ച്.ഒ, എസ്.ഐ എന്നിവർ ഡ്യൂട്ടിയിലില്ലെങ്കിലും പോലീസ് സ്റ്റേഷൻ വാഹനങ്ങൾ സ്റ്റേഷനിലുണ്ടാകണം. എസ്.എച്ച്.ഒയും എസ്.ഐ.യും ഒരേ ഡ്യൂട്ടിക്കായി ഒരു സ്ഥലത്താണ് പോകുന്നതെങ്കിൽ അത് ഒറ്റവാഹനത്തിലാകണം. മറ്റു വാഹനങ്ങൾ സ്റ്റേഷൻ ഉപയോഗത്തിനായി ലഭ്യമാകണം. വാഹനങ്ങളിൽ സ്റ്റേഷന്റെ പേര് മാത്രമേ ഉണ്ടാകാവൂ. മറ്റു പദവികളോ സ്ഥാനപ്പേരുകളോ രേഖപ്പെടുത്തരുത്.

ഉദ്യോഗസ്ഥർ ജില്ലയ്ക്കുപുറത്തുള്ള കോടതി ഡ്യൂട്ടികൾക്ക് പോകുമ്പോൾ വാഹനം ഉപയോഗിക്കരുത്. പകരം ട്രെയിൻ, ബസ് വാറന്റ് പ്രകാരം യാത്രചെയ്യാം. വാഹനങ്ങളുടെ ഉപയോഗം, പരിചരണം എന്നിവ എസ്.എച്ച്.ഒ -മാർ ഉറപ്പുവരുത്താനും നിർദേശിച്ചു.

എല്ലാ പോലീസ് സ്റ്റേഷനുകളിലും വാഹനങ്ങളുടെ പരിപാലനം ഉൾപ്പടെയുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഒരു അസിസ്റ്റന്റ് സ്റ്റേഷൻ റൈറ്ററെ ചുമതലപ്പെടുത്തണം. ഇവർ മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസർമാരായി പ്രവർത്തിക്കണം. ക്രൈം കോൺഫറൻസ് നടക്കുന്ന ദിവസം സ്റ്റേഷൻ വാഹനങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള റിപ്പോർട്ട് ജില്ലാ പോലീസ് മേധാവിക്ക് നൽകണം.

വാഹനങ്ങളുടെ ഇന്ധനക്ഷമതാ പരിശോധന നടത്തണം. ഇന്ധന ക്വാട്ടയും നിശ്ചയിക്കണം. ക്രമസമാധാന ഡ്യൂട്ടികൾക്ക് പ്രാധാന്യം നൽകി ഇരു ചക്രവാഹനങ്ങളുടെ പുനർവിന്യാസം ആവശ്യമാണെങ്കിൽ അക്കാര്യം സംസ്ഥാനപോലീസ് മേധാവിയെ അറിയിക്കാനും നിർദേശിച്ചിട്ടുണ്ട്.
Reactions