മണിയംകുന്ന് സെന്റ് ജോസഫ് യു പി സ്കൂളിലെ കുട്ടികൾക്കായി പുതിയ വായനശാല തുറന്നു. പഴയ ലൈബ്രറിയുടെ സൗകര്യകുറവുമൂലമാണ് പുതിയ ലൈബ്രറി തുറക്കുന്നത്. സ്കൂളിന് അഭ്യുദയാകാംക്ഷികൾ സംഭാവന ചെയ്ത പുസ്തകങ്ങളും സ്കൂളിൽ നിലവിലുള്ള പുസ്തകങ്ങളും ഉൾപ്പെടെ വലിയൊരു പുസ്തകശേഖരമാണ് ലൈബ്രറിയിൽ ഒരുക്കിയിട്ടുള്ളത്.
കുട്ടികളെ വായനയുടെ ലോകത്തിൽ കൂടുതൽ ഉയരങ്ങളിൽ എത്തിക്കുന്നതിന് വേണ്ടിയുള്ള പരിശ്രമമാണ് പുതിയ വായനശാല. വായന വാരത്തോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. വായന വാരത്തിൽ സ്കൂളിലെ എല്ലാ കുട്ടികളും എന്തെങ്കിലുമൊരു പ്രവർത്തനത്തിൽ പങ്കുചേർന്ന് വായനാദിനം ആഘോഷിക്കും.
വായനശാലയുടെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരി സിജിത അനിൽ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. ജോർജ് തെരുവിൽ, സ്കൂൾ ഹെഡ്മിസ്ട്രസ് സി. സൗമ്യ, പിടിഎ പ്രസിഡണ്ട് ജോയി ഫിലിപ്പ്, അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.




