പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
പാലാ: ജനറൽ ആശുപത്രിയിൽ നിന്നും വീണ്ടും ചികിത്സാ വിഭാഗങ്ങളിലെ ഡോക്ടർമാരെ മറ്റിടങ്ങളിലേക്ക് മാറ്റി നിയമിക്കുന്നു.
നേത്രരോഗ വിഭാഗം കൺസൾട്ടൻ്റിനെയാണ് ആശുപത്രി അധികൃതർ പോലും അറിയാതെ വീണ്ടും കോട്ടയത്തേക്ക് മാറ്റിയിരിക്കുന്നത്.
പാലാ ആശുപത്രിയിൽ സൃഷ്ടിച്ചിട്ടുള്ള തസ്തികയിലെ ഈ ഡോക്ടർ വർഷങ്ങളായി കോട്ടയത്തായിരുന്നു സേവനം. പാലായിൽ നേത്ര വിഭാഗം ഡോക്ടർ ഇല്ലാതായതിനെ തുടർന്നുണ്ടായ പരാതിക്കും ഇടപെടലുകൾക്കും ശേഷം ഏതാനും മാസം മുൻപ് ഇവിടെ തിരികെ നിയമിച്ചുവെങ്കിലും നേത്ര ഓപ്പറേഷനുകൾക്കായി രോഗികളെ കോട്ടയത്തിനാണ് കൊണ്ടുപോയിരുന്നത്. ഈ ഡോക്ടറുടെ അപേക്ഷ പ്രകാരം ആഴ്ചയിൽ മൂന്നുദിവസം സേവനം കോട്ടയത്തായിരിക്കും. ജില്ലാ മെഡിക്കൽ ഓഫീസറാണ് ഈ ഉത്തരവ്.
കഴിഞ്ഞ മാസം റേഡിയോഗ്രാഫറെ പാമ്പാടിയിലേക്ക് മാറ്റിയിരുന്നു. പ്രതിഷേധം ശക്തമായപ്പോഴാണ് തിരികെ എത്തിച്ചത്.
കാർഡിയോളജി വിഭാഗം നിലച്ച മട്ടാണ്. രണ്ട് ഡോക്ടർ തസ്തികകളും മറ്റിടങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്.
ആശുപത്രി അധികൃതരോടു പോലും ചോദിക്കാതെയും ഭരണനിർവ്വഹണ ചുമതലയുള്ള നഗരസഭയോട് പറയാതെയുമാണ് ആരോഗ്യ വകുപ്പിലെ ചില അധികാര സ്ഥാനങ്ങളിൽ ഉള്ളവരെ സ്വാധീനിച്ച് തുടർച്ചയായി ഈ ആശുപത്രിയിൽ സൃഷ്ടിച്ചിട്ടുള്ള തസ്തികകളും ഡോക്ടർമാരെയും മറ്റിടങ്ങളിലേക്ക് മാറ്റി കൊണ്ടു പോകുന്നതെന്ന് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയും ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലംപറമ്പിലും പറഞ്ഞു.
വിഷയത്തിൽ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്നും ഡോക്ടർമാരെ മാറ്റിക്കൊണ്ടുള്ള എല്ലാ ഉത്തരവുകളും റദ്ദാക്കി തിരികെ ലഭ്യമാക്കണമെന്നും അവർ ആരോഗ്യ വകുപ്പു മന്ത്രിയോട് ആവശ്യപ്പെട്ടു.
ജില്ലാ വികസന സമിതി യോഗത്തിൽ പാലാ ജനറൽ ആശുപത്രിയിലെ തസ്തികകൾ മാറ്റുന്നതിനെതിരെ പരാതി ഉന്നയിച്ച ശേഷവും വീണ്ടും ചട്ടവിരുദ്ധമായി ഡോക്ടർമാരെ മാറ്റിയ നടപടി ജില്ലാ വികസന സമിതിയോടുള്ള അവഹേളനമാണെന്ന് സമിതി അംഗം അഡ്വ. സിബി വെട്ടൂർ പറഞ്ഞു.
സ്കിൻ, സൈക്യാട്രി, ഫോറൻസിക് ഉൾപ്പെടെ പന്ത്രണ്ടിൽ പരം തസ്തികകളാണ് പാലാ ജനറൽ ആശുപത്രിയിൽ നിന്നും ഇതുവരെ മാറ്റി കൊണ്ടു പോയിരിക്കുന്നതെന്ന് മാനേജിംഗ് കമ്മിറ്റി അംഗം ജയ്സൺ മാന്തോട്ടം പറഞ്ഞു.
മീനച്ചിൽ താലൂക്കിലെയും സമീപമേഖലകളിലേയും ആയിരക്കണക്കിന് നിർധന രോഗികൾക്ക് ആശ്രയമായ ആശുപത്രിയിൽ നിന്നും തുടർച്ചയായി ചികിത്സാ വിഭാഗങ്ങൾ ബാഹ്യ ഇടപെടലുകളെ തുടർന്ന് മാറ്റി കൊണ്ടുപോയി പാതിവഴിയിൽ തുടർചികിത്സ നിർത്തി രോഗികളെ ബുദ്ധിമുട്ടിക്കുന്നതിൽ അദ്ദേഹം പ്രതിഷേധം അറിയിച്ചു. ജനറൽ ആശുപത്രിയിൽ എല്ലാ ചികിത്സാ വിഭാഗങ്ങളും ഉണ്ടായിരിക്കണമെന്നതാണ് ചട്ടം എന്നും അദ്ദേഹം പറഞ്ഞു.

