പിണറായി സർക്കാർ നടത്തുന്നത് അഴിമതി മാത്രമാണെന്നും യുവജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും അഴിമതിയ്ക്കും സർക്കാരിന്റെ ദുർഭരണത്തിനുമെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്നും പിജെ ജോസഫ് പറഞ്ഞു. കോട്ടയത്ത് കേരള യൂത്ത് ഫ്രണ്ടിന്റെ 52-ാം ജൻമദിന സമ്മേളനവും ഏകദിന ക്യാംപും ഉദ്ഘാടനം ചെയ്യുകയായിരുന്നു പിജെ ജോസഫ്.
നേച്ചർ ചലഞ്ചിനും, കർമപദ്ധതികൾക്കും രൂപം നൽകി കേരള യൂത്ത് ഫ്രണ്ട് ജൻമദിനം ആഘോഷിച്ചു. കോട്ടയത്ത് പാർട്ടി ആസ്ഥാനത്ത് കേരള കോൺഗ്രസ് പാർട്ടി ചെയർമാൻ പിജെ ജോസഫ് കേക്ക് മുറിച്ച് ജൻമദിന ആഘോഷം ഉദ്ഘാടനം ചെയ്തു.
ഒരു വർഷം കൊണ്ട് സംസ്ഥാനമൊട്ടാകെ 1 ലക്ഷം വൃക്ഷത്തെകൾ നട്ടു പരിപാലിക്കൽ, തൊഴിൽ കണ്ടെത്താൻ യുവജനങ്ങൾക്ക് സഹായം, ഭക്ഷ്യസുരക്ഷ, കാർഷിക മേഖലയുടെ നവീകരണം തുടങ്ങി വിവിധ പദ്ധതികളാണ് ആവിഷ്ക്കരിക്കുന്നത്. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജിത് മുതിരമല അധ്യക്ഷത വഹിച്ചു. മോൻസ് ജോസഫ് എംഎൽഎ , ജോയി എബ്രഹാം, സജി മഞ്ഞക്കടമ്പിൽ, വിജെ ലാലി, കെവി കണ്ണൻ, ഷിജു പാറയിടുക്കിൽ തുടങ്ങിയവർ പങ്കെടുത്തു. പ്രവർത്തകർക്കായി മോട്ടിവേഷൻ ക്ലാസും നടന്നു.



