Hot Posts

6/recent/ticker-posts

​ഗുണങ്ങളേറെ; കൂടുതൽ ഇലക്ട്രിക് കാറുകളെത്തുന്നു..! കരാറുകാരിൽ കോട്ടയം ന​ഗരസഭയും


കോട്ടയം: സർക്കാർ ഓഫിസുകളിലെ ഉപയോഗത്തിന് ഇലക്ട്രിക് കാറുകൾ കൂടുതൽ എത്തുന്നു. മോട്ടർ വാഹന വകുപ്പ് ആണ് ഒരു വർഷം മുൻപ് ഇലക്ട്രിക് കാറുകൾ കരാർ എടുത്തത്. ഇപ്പോൾ വിവിധ വകുപ്പുകൾക്കായി 25 ഇലക്ട്രിക് കാറുകൾ ഉണ്ട്. ഇന്ധനച്ചെലവും അറ്റകുറ്റപ്പണിയും കുറവാണ് ഇവയ്ക്ക് എന്നതാണ് ആകർഷണം. 



സർക്കാർ ഉപയോഗത്തിനു പുതിയ വാഹനങ്ങൾ വാങ്ങാൻ കരാർ എടുക്കേണ്ടി വരുമ്പോൾ ഇലക്ട്രിക് വാഹനങ്ങൾ മാത്രമേ കരാർ എടുക്കാവൂ എന്നാണ് ഉത്തരവ്. ഇതോടെയാണ് ഇലക്ട്രിക് വാഹനങ്ങൾ സർക്കാർ വ്യാപകമായി വാങ്ങിത്തുടങ്ങിയത്. സംസ്ഥാന തലത്തിൽ 25 വകുപ്പുകളിലായി ഇതുവരെ 180 കാറുകൾ കൈമാറി.



മോട്ടർ വാഹന വകുപ്പ്, ജില്ലാ പഞ്ചായത്ത്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, കോട്ടയം നഗരസഭ, കെആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട്, ഇൻഡസ്ട്രീസ് ഡിപ്പാർട്മെന്റ്, ജിഎസ്ടി, പിഎസ്‌സി വകുപ്പ് എന്നിവയാണ് ഔദ്യോഗിക ഉപയോഗത്തിന് ആവശ്യമായ ഇലക്ട്രിക് കാറുകൾ കരാറിന് എടുത്തിട്ടുള്ളത്. നഗരസഭ, മോട്ടർ വാഹന വകുപ്പ് എന്നിവർക്ക് 4 ഇലക്ട്രിക് കാറുകൾ വീതമുണ്ട്.


ഡീസൽ വാഹനങ്ങൾക്ക് കിലോമീറ്ററിന് 8 രൂപ വരെ ചെലവ്. എന്നാൽ ഇലക്ട്രിക് കാറുകൾക്ക് 1 രൂപ മുതൽ 1.80 രൂപ വരെയാണ് ചെലവ്. സ്വന്തം ഓഫിസിൽ ചാർജ് ചെയ്യുന്നവർക്കാണ് ഒരു രൂപയാണ് കിലോ മീറ്ററിനു ചെലവ് വരിക. മുഴുവൻ ചാർജ് ചെയ്ത കാറുകൾക്ക് 200 കിലോ മീറ്ററിൽ അധികം മൈലേജ് ലഭിക്കുന്നുണ്ടെന്നും ഉപയോഗിക്കുന്നവർ പറയുന്നു.


കോട്ടയം ഈസ്റ്റ് കെഎസ്ഇബി ഓഫിസ് വളപ്പ്, ഗാന്ധിനഗർ സബ് സ്റ്റേഷൻ ഓഫിസ് വളപ്പ്, പള്ളം കെഎസ്ഇബി ഓഫിസ് വളപ്പ് എന്നിവിടങ്ങളിൽ ഫാസ്റ്റ് വൈദ്യുതി ചാർജിങ് കേന്ദ്രങ്ങൾ പ്രവർത്തിച്ചു തുടങ്ങി. ഇതു കൂടാതെ ജില്ലയിലെ വിവിധ റോഡുകളിലായി 57 വൈദ്യുത തൂണുകളിലും ചാർജിങ് പോയിന്റുകൾ ആരംഭിച്ചിട്ടുണ്ട്.

Reactions