പാലാ: അഗതിമന്ദിരങ്ങളുടെ റേഷൻ വിഹിതം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മാണി സി കാപ്പൻ എംഎൽഎ മുഖ്യമന്ത്രിക്കു നിവേദനം നൽകി. സാമൂഹ്യനീതി വകുപ്പിൻ്റെ കീഴിലുള്ള ഓർഫനേജ് കൺട്രോൾ ബോർഡ് അംഗീകാരത്തോടെയും അല്ലാതെയും പ്രവർത്തിച്ചുവരുന്ന അഗതിമന്ദിരങ്ങൾക്കുള്ള റേഷൻ വിഹിതം സർക്കാർ നിറുത്തലാക്കിയത്
ഈ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ഒരാൾക്ക് 5.60 നിരക്കിൽ 10 കിലോ അരിക്കും 4.15 രൂപ നിരക്കിൽ 5 കിലാ ഗോതമ്പുമായിരുന്നു റേഷൻ വിഹിതമായി ലഭിച്ചിരുന്നത്. ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നതും ആരും ആശ്രയമില്ലാത്തവരും കുടുംബങ്ങളിൽ നിന്നും തിരസ്കരിക്കപ്പെട്ടവർ, രോഗികൾ, വൃദ്ധർ, വികലാംഗർ, ലഹരിക്കടിമപ്പെട്ടവർ തുടങ്ങിയവരാണ് ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികളെന്ന് എം എൽ എ ചൂണ്ടിക്കാട്ടി.
മറ്റു വരുമാന മാർഗ്ഗങ്ങളില്ലാതെ സുമനസുകളുടെ സഹകരണത്തോടെ പ്രവർത്തിച്ചു വരുന്ന സ്ഥാപനങ്ങൾ ഇതോടെ ദുരിതത്തിലായിരിക്കുകയാണ്.








