Hot Posts

6/recent/ticker-posts

കോട്ടയം ജില്ലാ കലക്ടറുടെ പേരിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു


കോട്ടയം ജില്ലാ കലക്ടർ പി കെ ജയശ്രീയുടെ പേരിൽ സാമ്പത്തികമായി സഹായിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വ്യാജ സന്ദേശങ്ങളാണ് വാട്സപ്പിലൂടെ പ്രചരിക്കുന്നത്. വ്യാജ സന്ദേശങ്ങൾ അയച്ചവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കലക്ടറും എസ്പിയും അറിയിച്ചു.



ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് പേജിലെ പ്രൊഫൈൽ ഉപയോഗിച്ച് വാട്സാപ്പിലൂടെയാണ് വ്യാജ സന്ദേശങ്ങൾ അയക്കുന്നത്. ഉത്തർപ്രദേശിൽ നിന്നുള്ള ഒരു നമ്പരിൽ നിന്നാണ് ഇവ അയക്കുന്നതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ആദ്യം കുശലാന്വേഷണത്തിൽ ആരംഭിച്ച് പിന്നീട് സാമ്പത്തിക സഹായം ആവശ്യപ്പെടുന്ന രീതിയിലുള്ള സന്ദേശങ്ങളാണ് അയക്കുന്നത്. 



9315539098 എന്ന നമ്പറിൽ നിന്നാണ് വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത്. ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങൾ കലക്ടറുടെ പേരിൽ അയച്ചിട്ടുണ്ട്. ചെറിയ ചെറിയ തുകകളാണ് പലരിൽ നിന്നും ആവശ്യപ്പെട്ടിട്ടുള്ളത്. 


ഇത്തരത്തിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതിന് പിന്നാലെ പലരും തന്നെ ബന്ധപ്പെട്ടതിനെ തുടർന്നാണ് ഈ വിവരം അറിഞ്ഞതെന്നും കലക്ടർ പി കെ ജയശ്രീ പറഞ്ഞു. വ്യാജ സന്ദേശങ്ങൾക്കെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും കലക്ടർ അറിയിച്ചു. വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക് അറിയിച്ചു.

Reactions