കോട്ടയം: രാത്രി വൈകിയും ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ തുടരുന്നു. ശക്തമായ മഴയെ തുടര്‍ന്ന് മൂന്നിലവ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിലവിൽ വെള്ളം കയറിയ നിലയിലാണ്.
കനത്ത മഴയും മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനുമുള്ള സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളിലേക്ക് രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. രാവിലെ 7 വരെ കർശന ഗതാഗത നിയന്ത്രണം ഉണ്ടാവും. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിക്കുകയും. വിനോദ സഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടയ്ക്കുകയും ചെയ്തു.
കനത്ത മഴയെത്തുടർന്ന് മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (2022 ഓഗസ്റ്റ് 1) അവധി നൽകി ജില്ലാ കളക്ടർ ഉത്തരവായി.
മൂന്നിലവ് ചക്കിക്കാവിൽ മലവെള്ളപാച്ചിലിൽ റോഡ് തകർന്നതിനെ തുടർന്ന് വഴിയിൽ കുടുങ്ങിയ വിനോദ സഞ്ചാരിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇല്ലിക്കൽ കല്ല് സന്ദർശിക്കാനെത്തിയ പതിനഞ്ചിലധികം പേരെ രക്ഷപ്പെടുത്തി മേച്ചാൽ സിഎസ്ഐ പള്ളിയിലേക്ക് മാറ്റി.
കനത്തമഴയിൽ ഈരാറ്റുപേട്ട -തൊടുപുഴ റോഡിലെ ഇടമറുകിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. അടുക്കം ചാമപ്പാറയിൽ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് വീട്ടുകാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. തീക്കോയി - വാഗമൺ റോഡിൽ ഗതാഗതം നിരോധിച്ചു.
കോട്ടയം ജില്ലയിൽ കാലവർഷം ശക്തമായതിനെ തുടർന്ന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ-താലൂക്ക് കൺട്രോൾ റൂമുകൾ തുറന്നു.
ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ
0481 2565400, 2566300, 9446562236, 9188610017.
താലൂക്ക് കൺട്രോൾ റൂമുകൾ
മീനച്ചിൽ - 04822 212325,
ചങ്ങനാശേരി - 0481 2420037,
കോട്ടയം - 0481 2568007, 2565007,
കാഞ്ഞിരപ്പള്ളി - 04828 202331,
വൈക്കം - 04829 231331.







