രാമപുരം: പ്രശസ്ത തീർത്ഥാടന കേന്ദ്രമായ രാമപുരം നാലമ്പല ദർശനത്തിന് ദിവസവും ആയിരക്കണക്കിന് ഭക്തജനങ്ങൾ എത്തി കൊണ്ടിരിക്കെ തീർത്ഥാടകർക്ക് പേടി സ്വപ്നമായി തെരുവ് നായകൾ രാമപുരം കൈയ്യടക്കി.
ചൊവ്വാഴ്ച രാവിലെ അഞ്ച് മണിയോടെ ലോട്ടറി വിൽക്കുന്ന 74 വയസ്സുള്ള എസ്തപ്പാൻ എന്ന വയോധികനെ നാലമ്പലം ഭാഗത്ത് വച്ച് തെരുവ് നായ കടിയേൽക്കുകയായിരുന്നു. ഇദ്ദേഹം ഒരു കാൻസർ രോഗി കൂടിയാണ്. തെരുവ് നായയുടെ കടിയേറ്റ് വീണ് പോയ വയോധികനെ തലങ്ങും വിലങ്ങും പട്ടി കടിച്ചു പറിച്ചു.
ഓടി കൂടിയ നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും സ്ഥലത്തെത്തി. പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെരുവ് നായകൾ കൂട്ടം കൂട്ടമായാണ് ഇവിടെ സഞ്ചരിക്കുന്നത്. ഇവയുടെ സ്വൈര്യ വിഹാരം മൂലം ജനജീവിതം തന്നെ ദുരിത പൂർണ്ണമാണെന്ന് നാട്ടുകാരും ഓട്ടോ തൊഴിലാളികളും പറഞ്ഞു.
നാലമ്പല ദർശനത്തിന് വിപുലമായ ഒരുക്കങ്ങൾ ചെയ്തെന്ന് പറയുന്ന അധികാരികൾ തെരുവ് നായ വിഷയത്തിൽ മൗനം ഭജിക്കുന്നതിനെതിരെ ശക്തമായ ജനവികാരം ഉയർന്നിട്ടുണ്ട്. നാലമ്പല ദർശനം സുഗമമായി നടക്കുന്നതിന് വേണ്ട സജ്ജീകരണങ്ങളിൽ തെരുവ് നായ നിയന്ത്രണവും ഉൾപ്പെടുത്തണമെന്ന് വ്യാപാരികളും ആവശ്യപ്പെട്ടു.








