കോട്ടയം: റെയ്ഡിനിടെ ക്രൈംബ്രാഞ്ച് സംഘത്തോട് തര്‍ക്കിച്ച് ഷോണ്‍ ജോര്‍ജ്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നു എന്ന വ്യാജപ്രചരണത്തിന്റെ ഭാഗമായി സ്‌ക്രീന്‍ ഷോട്ടുകള്‍ സൃഷ്ടിച്ച സംഭവത്തിലാണ് ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുന്നത്. വീട്ടിലെ മുഴുവന്‍ ഫോണുകളും വേണമെന്ന് റെയ്ഡിനിടെ ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ടു. എന്നാല്‍ ഫോണ്‍ നല്‍കാനാവില്ലെന്ന് ഷോണ്‍ അറിയിച്ചതാണ് തര്‍ക്കത്തിന് കാരണമായത്.
കോട്ടയത്തുനിന്നുള്ള ക്രൈംബ്രാഞ്ച് സംഘമാണ് ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ റെയ്ഡ് നടത്തുന്നത്. വ്യാജ സ്‌ക്രീന്‍ ഷോട്ടുകള്‍ ഷോണ്‍ ജോര്‍ജെന്ന ഫോണ്‍ കോണ്‍ടാക്ടില്‍ നിന്നാണ് അനൂപിന്റെ ഫോണിലേക്ക് എത്തിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അമ്പിളി കുട്ടന്‍, തൃശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തുന്നത്.
അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചവരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു നേരത്തെ പുറത്തുവന്ന വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍. എംവി നികേഷ് കുമാര്‍, പ്രമോദ് രാമന്‍, ടി ബി മിനി, സന്ധ്യ ഐപിഎസ്, ലിബര്‍ട്ടി ബഷീര്‍, മഞ്ജു വാര്യര്‍, ആഷിഖ് അബു, ബൈജു കൊട്ടാരക്കര തുടങ്ങിയവരുടെ പേരിലാണ് വ്യാജവാട്സ്ആപ്പ് ചാറ്റുകള്‍ നിര്‍മ്മിച്ചത്.








