Hot Posts

6/recent/ticker-posts

കോൺ​ഗ്രസ് അധ്യക്ഷൻ : ഖാര്‍ഗെയും ശശി തരൂരും തമ്മില്‍ പോരാ‌ട്ടം


കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാര്‍ജ്ജുന ഖാര്‍ഗെയും ശശി തരൂരും തമ്മില്‍ നേരിട്ടുള്ള പോരാ‌ട്ടം. മനീഷ് തിവാരി മത്സരിക്കില്ലെന്ന് അറിയിച്ചതോടെ ജി 23 സംഘത്തില്‍ നിന്ന് അവസാന നിമിഷം ആരും പത്രിക നല്‍കിയില്ലെങ്കില്‍ ഖാര്‍ഗെ അല്ലെങ്കില്‍ തരൂര്‍ രണ്ടിലൊരാള്‍ അധ്യക്ഷനാകുമെന്ന് ഉറപ്പാണ്.


മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്വിജയ് സിങ്ങിന് പകരം രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആയിരിക്കും മത്സരിക്കുക. 
ഗാന്ധി കുടുംബത്തിന് പ്രിയങ്കരനായ ദിഗ്വിജയ് തുടര്‍ച്ചയായി രണ്ടുവട്ടം മധ്യപ്രദേശ് മുഖ്യമന്ത്രി പദത്തിലിരുന്നിട്ടുള്ള നേതാവാണ്.


ശശി തരൂര്‍ ഏറെ ആത്മവിശ്വാസത്തോടെ മത്സര രംഗത്ത് തുടരുകയും പിന്തുണ വര്‍ധിക്കുകയും ചെയ്യുമ്പോള്‍ വിജയ സാധ്യതയിലുള്ള ആശങ്കയാണോ ദിഗ്വിജയ് സിങ്ങില്‍ നിന്നും ഖാര്‍ഗെയിലേക്ക് സ്ഥാനാര്‍ഥിത്വം എത്തിയതെന്ന ചോദ്യവും ഉയരുന്നുണ്ട്‌. ഇന്ന് രാവിലെ 11 മുതല്‍ മൂന്നുവരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. 

ഉദയ്പുര്‍ ചിന്തന്‍ശിബരത്തിലെ തീരുമാനം അനുസരിച്ചാണെങ്കില്‍ ഖാര്‍ഗെ മത്സരിക്കുമ്പോള്‍ രാജ്യസഭാ പ്രതിപക്ഷ സ്ഥാനം ഒഴിയേണ്ടി വരും. അങ്ങനെയാവുമ്പോള്‍ ആ സ്ഥാനത്തേക്ക് കൂടി കോണ്‍ഗ്രസിന് ആളെ കണ്ടത്തേണ്ടി വരും


കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് എന്നതിന് പുറമെ ദളിത് മുഖം എന്ന മേല്‍വിലാസവും ഹൈക്കമാന്‍ഡ് പിന്തുണയുമാണ് ഖാര്‍ഗെയുടെ അനുകൂല ഘടകങ്ങള്‍. തരൂരിനെ സംബന്ധിച്ച് ജി 23 ന്റെ പ്രതിനിധിയല്ലെങ്കിലും അവര്‍ ആരെയും നിര്‍ത്തിയില്ലെങ്കില്‍ ആ പക്ഷത്തിന്റെ വോട്ട് ലഭിച്ചേക്കാം. കേരളത്തിലും അപ്രതീക്ഷിതമായി തരൂരിന് പിന്തുണ കൂടുതല്‍ കിട്ടാന്‍ സാധ്യതയുണ്ട്. കേരളത്തിന് പുറത്ത് ഗാന്ധി കുടുംബം തലപ്പത്ത് വേണ്ട എന്നാഗ്രഹിക്കുന്ന ഒരു പറ്റം നേതാക്കളുടെ പിന്തുണയും തരൂരിന് അനുകൂലമായി വന്നേക്കാം. മോദി എന്ന നേതാവ് ബിജെപിയെ നയിക്കുമ്പോള്‍ ഖാര്‍ഗെയെ പോലൊരു മിതവാദി മതിയോ എന്ന ചിന്തയും ചിലരെങ്കിലും പങ്കുവെക്കുന്നുണ്ട്‌

ഖാര്‍ഗെയുടെ പത്രികയില്‍ എ.കെ ആന്റണിയടക്കമുള്ള ഗാന്ധി കുടുംബവുമായി അടുത്ത് ബന്ധമുള്ളവര്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇതോടെ ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ള ഔദ്യോഗിക സ്ഥാനാര്‍ഥിയെന്ന പരിവേഷമാണ് ഖാര്‍ഗേയ്ക്ക് ലഭിക്കുന്നത്. ഔദ്യോഗിക സ്ഥാനാര്‍ഥിയുണ്ടാവില്ലെന്നും ആര്‍ക്കും മത്സരിക്കാമെന്നുമാണ് സോണിയ ഗാന്ധി അറിയിച്ചതെങ്കിലും ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ളവര്‍ക്ക് വോട്ട് നല്‍കുമെന്നായിരുന്നു കേരള നേതാക്കളടക്കം വ്യക്തമാക്കിയത്. ഇതോടെയാണ് അശോക് ഗഹ്‌ലോത് അടക്കമുള്ളവര്‍ രംഗത്തെത്തിയത്. ഔദ്യോഗിക സ്ഥാനാര്‍ഥിയാവുമെന്ന് കരുതിയിരുന്ന ദിഗ്വിജയ് സിങ്ങ് ഇന്ന് രാവിലെ മല്ലികാര്‍ജുന്‍ ഖാര്‍ഗേയെ കണ്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് പിന്‍മാറാനുള്ള തീരുമാനത്തിലെത്തിയത്.

Reactions