യാതൊരു കുറവുകളും അറിയിക്കാതെ ഇതുവരെ വളർത്തി വലുതാക്കിയ മകളെ കതിർ മണ്ഡപത്തിൽ നിന്നും മറ്റൊരു വീട്ടിലേക്ക് അയക്കുമ്പോൾ ഒരു മാതാപിതാക്കളും കരുതുന്നില്ല അത് ചിലപ്പോൾ തീരാ ദുഃഖം ആകുമെന്ന്. അത് പിന്നെ നാളെ എന്തെന്ന് അറിയാനുള്ള സമ്പ്രദായം ഇതുവരെ കണ്ടുപിടിച്ചിട്ടില്ലല്ലോ.
പൊതുവെ കല്യാണ ദിവസത്തിന്റെ ബാക്കിയായി അരങ്ങേറുന്ന ചില സംഭവങ്ങൾ എന്തൊക്കെ എന്ന് നോക്കിക്കളയാം. വിവാഹ ദിവസം മുതൽ അങ്ങോട്ട് ആ പെൺകുട്ടി ചില സ്കാനിംഗ് മെഷീൻനുകളുടെ നടുവിലാണ്.
അവൾ നോക്കുന്നത്, ഇരിക്കുന്നത്, നടക്കുന്നത് എല്ലാം നിരീക്ഷിക്കാൻ ആളുകളുണ്ട്! നാലുപാടും. അതുകഴിഞ്ഞാൽ പിന്നെ തൃപ്തി ആണ് മുഖ്യം. പെണ്ണുങ്ങളുടെ അല്ല കേട്ടോ. അവർക്ക് ജന്മനാ ഇഷ്ടം, ഇഷ്ടക്കേട്, സ്വപ്നം, അഭിപ്രായം ഒന്നും പാടില്ല.
ഭർത്താവിന്റെ അമ്മ, അച്ഛൻ, സഹോദരി, അളിയൻ, അമ്മാവൻ, അമ്മായി ചിറ്റപ്പൻ, അയലത്തെ അദ്ദേഹം അങ്ങനെ പല ജാതി ആളുകളെ തൃപ്തിപ്പെടുത്തി ' നല്ല കുട്ടി' എന്ന പേര് സമ്പാദിക്കാനുള്ള ഓട്ടത്തിലാണ് പിന്നെ ഈ പുതു മണവാട്ടി. ഇതിൽ ആരെങ്കിലും ഒരാൾ ഒരു കുറവ് കണ്ടുപിടിച്ചാൽ തീർന്നു. ഭർത്താവ് പിന്നെ ജീവിച്ചിരുന്നിട്ട് തന്നെ കാര്യമില്ല!
പിന്നീട് അങ്ങോട്ട് ഇത്രയും കാലം വളർത്തി വലുതാക്കിയവരോട് യാത്ര പറയുമ്പോൾ കണ്ണ് നിറയുന്നത് വരെ കൂറ്റപെടുത്താൻ പറഞ്ഞതായി ചില കുട്ടികൾ പറയുന്നത് കേട്ടിട്ടുണ്ട്. പിന്നെ ഭർത്താവുമായി ബന്ധമുള്ള ആര് എന്ത് പറഞ്ഞാലും അനുസരിച്ച് ' ഒരു നല്ല നൂൽ പാവയായി' കഴിഞ്ഞാൽ ഒരു പക്ഷെ ദീർഘ സുമംഗലിയായി ജീവിതം മുന്നോട്ട് നയിക്കാം.
ആര് എന്ത് പറഞ്ഞാലും നാവനക്കരുത് പ്രതികരിക്കരുത്. ദിവസേന നാട്ടിലുണ്ടാകുന്ന പെൺകുട്ടികളുടെ പെൺകുട്ടികളുടെ ആത്മഹത്യകളും കൊലപാതകങ്ങളുമെല്ലാം കാണിച്ചു തരുന്ന ഒന്നുണ്ട് ജീവിതത്തിൽ കൂട്ടായി അവൾ കൈപിടിച്ച ഭർത്താവ് പോലും അവൾക്കൊരു താങ്ങായി കൂടെ നിന്നിട്ടില്ലെന്ന്. മാത്രമല്ല ബന്ധുപക്ഷം ചേർന്ന് അവളെ വിസ്തരിക്കാൻ നിൽക്കുന്ന ' ജാഥ ക്യാപ്റ്റൻ ' പലപ്പോഴും ഈ ഭർത്താവ് ആയിരിക്കും എന്നുള്ളതും വേദനിപ്പിക്കുന്ന വസ്തുത തന്നെ.
ആൺ മക്കൾ എത്ര പ്രായമായാലും തന്റെതായിരിക്കണം. മറ്റൊരു പെണ്ണിന് വിട്ടുകൊടുക്കില്ല എന്ന് കരുതുന്ന നിരവധി അമ്മമാർ നമുക്ക് ചുറ്റും ഉണ്ട്. പത്തുമാസം ചുമ്മന്നതിന്റെയും വളർത്തിയത്തിന്റെയും കണക്കിൽ ആൺ മക്കളെ കെട്ടിയിടുന്നവർ. തന്റെ നേർക്ക് വരുന്ന മാനസിക- ശാരീരിക പീഡനങ്ങൾക്ക് എതിരെ ഏതെങ്കിലും പെണ്ണ് പ്രതികരിച്ചാൽ അവൾ പിന്നെ അഹങ്കാരി, തന്നിഷ്ടക്കാരി, വളർത്തുദോഷം ബാധിച്ചവൾ! അവളെ പ്രതികരണ ശേഷിയോടെ വളർത്തിയ മാതാപിതാക്കളെ പിന്നെ അങ്ങ് തൂക്കികൊല്ലാൻ വിധിക്കും!
എന്തായാലും ഇനിയും ധാരാളം പെൺകുട്ടികൾ നമ്മുടെയൊക്കെ വീടുകളിൽ വളർന്നു വരുന്നുണ്ടല്ലോ. ഇവരെയൊക്കെ മറ്റൊരു വീട്ടിലെ മികച്ച ' വേലകാരി'കളാക്കാൻ പരിശീലനം കൊടുത്ത് നമുക്കങ്ങു വളർത്താം! ഇതുവരെ സമ്പാദ്യച്ചതും കൂടെ കുറേ കടങ്ങളും വാങ്ങി അതെല്ലാം മകളെ സ്വീകരിക്കാൻ വരുന്നവന് ഇഷ്ട്ടദാനം കൊടുക്കാം! എന്നിട്ട് കടമ തീർന്നു, ജന്മം സഫലമായി എന്ന് നെഞ്ചിൽ കൈ വെച്ച് പറയാം. ശേഷം അവൾക്ക് സംഭവിക്കുന്നത് മരണമോ അതിനു തുല്യമായ തീരാ വേദനയോ ആണെങ്കിൽ ഈ കൈകൾ നെഞ്ചത്തടിച്ച് കരയാം! ഇതേ നടക്കു... ഒന്നും മാറില്ല! ഇത് കേരളമാണ്! പ്രശ്നങ്ങൾ ധാരാളമുള്ള ഒന്നിനും പരിഹാരം ഇല്ലാത്ത നമ്മുടെ സ്വന്തം നാട്.





