കോട്ടയം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ മാതൃകയില്‍ ക്രിക്കറ്റിലും ഫുട്‌ബോളിലും അന്തര്‍ദേശീയ മത്സരങ്ങള്‍ സംഘടിപ്പിക്കാവുന്ന നിലവാരത്തില്‍ നെഹ്‌റു സ്റ്റേഡിയം നവീകരിക്കുമെന്ന വാഗ്ദാനം അധികൃതരുടെ വാഗ്ദാനം നടപ്പായില്ല.
വര്‍ഷങ്ങള്‍ പഴക്കമുള്ള പദ്ധതി ഇപ്പോഴും നൂലാമാലകളിൽ ചുറ്റപ്പെട്ട് കിടക്കുകയാണ്. നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന നെഹ്‌റു സ്റ്റേഡിയം നാശോന്‍മുഖമായിരിക്കുകയാണ്. 174 കോടി രൂപ മുടക്കി നവീകരിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കിയെങ്കിലും ഒന്നുമായില്ല.
അധികൃതര്‍ വേണ്ടവിധം സംരക്ഷിക്കാത്തത് മൂലം സ്റ്റേഡിയം കാടുപിടിച്ചും ചെളിനിറഞ്ഞും കിടക്കുകയാണ്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ പാര്‍ക്കിംഗും ഇപ്പോള്‍ സ്റ്റേഡിയത്തിലാണ്.
ഫുട്‌ബോള്‍ സ്‌റ്റേഡിയം, 400 മീറ്റര്‍ ട്രാക്ക്, ഗാലറി, ക്രിക്കറ്റ് നെറ്റ്, ബാസ്‌ക്കറ്റ് ബോള്‍ സ്‌റ്റേഡിയം തുടങ്ങിയ ഇടങ്ങളിലെല്ലാം പുല്ല് ഒരാള്‍ പൊക്കത്തില്‍ വളര്‍ന്നു നില്‍ക്കുന്നുണ്ട്. വോളിബോള്‍ കോര്‍ട്ട് ഭാഗത്തെ പുല്ല് മാത്രം തെളിച്ചിട്ടിട്ടുണ്ട്. ട്രാക്ക് കാണാന്‍ പറ്റാത്ത രീതിയിലാണ് കാടുവളര്‍ന്നിരിക്കുന്നത്.
പവലിയന്‍, ഗാലറി പ്രവേശന ഭാഗം കാണാന്‍ സാധിക്കാത്ത വിധമായി. ഇതിനു സമീപത്തെ ഓടയില്‍ വെള്ളം നിറഞ്ഞ് മൂടിയില്ലാത്ത നിലയിലാണ്. സ്റ്റേഡിയത്തില്‍ സ്ഥാപിച്ചിരിക്കുന്ന സോളാര്‍ ലൈറ്റുകളും കാടുമൂടി. പ്രഭാത സവാരിക്ക് എത്തുന്നവര്‍ സുരക്ഷയ്ക്കായി ടോര്‍ച്ചും വടിയും കൈയില്‍ കരുതുകയാണ്. സ്‌റ്റേഡിയത്തിന്റെ പ്രവേശനഭാഗത്ത് ക്രിക്കറ്റ് പരിശീലനത്തിനായി സ്ഥാപിച്ചിരിക്കുന്ന നെറ്റ് കാട് മൂടി. സമീപത്ത് നടക്കുന്ന നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാധനങ്ങള്‍ സൂക്ഷിയ്ക്കുന്ന ഇടമായും ഗ്രൗണ്ട് മാറി.





